ബി.ജെ.പി രാഷ്ട്രീയ സഖ്യമല്ല, കുടുംബ സഖ്യം; സംഘ്പരിവാർ ലോകത്തിലെ ഏറ്റവും അപകടകരമായ കുടുംബം- അഖിലേഷ് യാദവ്
text_fieldsലഖ്നോ: ലോകത്തിലെ ഏറ്റവും അപകടം പിടിച്ച കുടുംബം സംഘ്പരിവാറാണെന്ന് സമാജ്‍വാദി പാർട്ടി(എസ്.പി) പ്രസിഡന്റ് അഖിലേഷ് യാദവ്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റുകയാണ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള മാർഗമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ലഖ്നോയിലെ പാർട്ടി ആസ്ഥാനത്ത് യു.പിയിലെ വിവിധ ജില്ലകളിൽ നിന്നുള്ള എസ്.പി പ്രവർത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്യുകയായിരുന്നു അഖിലേഷ് യാദവ്.
എൻ.ഡി.എ സഖ്യം ഒരു രാഷ്ട്രീയ സഖ്യമല്ലെന്നും മറിച്ച് കുടുംബ സഖ്യമാണെന്നുമുള്ള കാര്യം ബി.ജെ.ബി നേതാവ് കിരൺ റിജിജു തന്നെ സമ്മതിച്ചിട്ടുണ്ട്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയും വ്യാജ പ്രചാരണങ്ങൾ നടത്തിയും ബി.ജെ.പി ജനങ്ങളെ വഞ്ചിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ആർ.എസ്.എസിനോടും ബി.ജെ.പിയോടും എല്ലാവരും ജാഗ്രത പാലിക്കണം. നുഴഞ്ഞുകയറ്റക്കാരെ കുറിച്ചുള്ള ബി.ജെ.പിയുടെ ആഖ്യാനത്തെയും അഖിലേഷ് യാദവ് തുറന്നുകാട്ടി. എസ്.ഐ.ആറിന്റെ സമയത്ത് ഒരു നുഴഞ്ഞുകയറ്റക്കാരനെ പോലും കണ്ടെത്തിയിട്ടില്ല. കള്ളം പറയുന്നതിലും ജനങ്ങളെ വഞ്ചിക്കുന്നതിലും അഴിമതിയിലും സർക്കാർ ഫണ്ട് കൊള്ളയടിക്കുന്നതിലും വിദഗ്ധരാണ് ബി.ജെ.പി. അവരുടെ നയങ്ങളുടെ ഫലമായി യു.പിയിലെ ജനം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. അടിസ്ഥാന തലത്തിൽ സംഘടന ശക്തിപ്പെടുത്താനും വോട്ടുകൾ സംരക്ഷിക്കാനും ബൂത്തുകൾ ഉറപ്പുവരുത്താനും അഖിലേഷ് പാർട്ടി പ്രവർത്തകരെ ആഹ്വാനം ചെയ്തു.
ഇലക്ടറൽ റോളുകളിൽ ഒഴിവാക്കപ്പെട്ട വോട്ടർമാരെ ഫോം-6 വഴി ചേർക്കാനും ബി.ജെ.പിയുടെ കപട തന്ത്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും അദ്ദേഹം നിർദേശിച്ചു. 2027ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ഒരുതരത്തിലുള്ള പാളിച്ചയും ഉണ്ടാകരുത്. ജനങ്ങൾക്ക് സമാജ്‍വാദി പാർട്ടിയിൽ വിശ്വാസമുണ്ട്. നല്ല പെരുമാറ്റം വഴി കൂടുതൽ ആളുകളെ പാർട്ടിയുമായി അടുപ്പിക്കണം. എസ്.പിയുടെ ഭരണകാലത്ത് യു.പിയിൽ വികസനമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ബി.ജെ.പി യു.പിയെ നശിപ്പിച്ചുവെന്നും അഖിലേഷ് യാദവ് ആരോപിച്ചു. എല്ലായിടത്തും അഴിമതി വ്യാപകമായി. സ്ത്രീകൾക്കെതിരായ ആക്രമണങ്ങളും സൈബർ കുറ്റകൃത്യങ്ങളും വർധിച്ചു. പരസ്യമായി കൊലപാതകങ്ങൾ നടക്കുകയാണ്.
തലസ്ഥാനത്തെ പ്രധാന ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും പോലും ഗുണമേന്മയുള്ള ചികിത്സ ലഭ്യമല്ല. സമാജ് വാദി സർക്കാറിന്റെ കാലത്ത് ദരിദ്രർക്ക് സൗജന്യ ചികിത്സ ലഭിച്ചിരുന്നുവെന്നും ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട്, സൈഫായ് മെഡിക്കൽ കോളജ്, ലോകോത്തര ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ സ്ഥാപിച്ചതും കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റി എന്നിവയുടെ സൗകര്യങ്ങൾ വിപുലീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബി.ജെ.പി സർക്കാർ എല്ലാം നശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

