മണൽ ഖനനത്തിൽ 1,427 കോടിയുടെ ക്രമക്കേട്: ദുരൈമുരുകനെതിരെ കേസ്
text_fieldsചെന്നൈ: തമിഴ്നാട്ടിൽ 1,427.34 കോടി രൂപയുടെ മണൽ ഖനന ക്രമക്കേടുമായി ബന്ധപ്പെട്ട് ഡി.എം.കെ ജനറൽ സെക്രട്ടറിയും മുൻ ജലവിഭവ മന്ത്രിയുമായ ദുരൈമുരുകനെതിരെ വിജിലൻസ് കേസ്. വെള്ളിയാഴ്ച തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 34 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 825 രേഖകളും 11 ഇലക്ട്രോണിക് ഉപകരണങ്ങളും മൂന്ന് ബാങ്ക് ലോക്കറുകളുടെ താക്കോലുകളും പിടിച്ചെടുത്തു. 2021 മുതൽ 2024 വരെ 28 നദീതീര ക്വാറികളിൽ നടന്ന മണൽ ഖനനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
ഇതിൽ നാല് ക്വാറികളിൽ മാത്രം ക്രമക്കേടിലൂടെ 1,427.34 കോടിയുടെ വരുമാന നഷ്ടം സർക്കാറിനുണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ദുരൈമുരുകനെ കൂടാതെ വിരമിച്ച രണ്ടു ചീഫ് എൻജിനീയർമാർ, ജലവിഭവ വകുപ്പിലെ 14 ഉദ്യോഗസ്ഥർ, 10 സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരും പ്രതികളാണ്.
തുറന്ന ടെൻഡർ ഒഴിവാക്കി കരാറുകൾ നൽകിയെന്നും അനുവദിച്ചതിലും കൂടുതൽ മണൽ ഖനനം നടത്തിയെന്നും വ്യാജ രേഖകൾ ഉപയോഗിച്ച് കടത്തിയെന്നുമാണ് ആരോപണം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അഴിമതിവിരുദ്ധ സംഘടനയായ അറപ്പോർ ഇയക്കത്തിന്റെയും പരാതികളെത്തുടർന്നാണ് നടപടി. അന്വേഷണം തുടരുകയാണെന്ന് വിജിലൻസ് അറിയിച്ചു.

