‘സഞ്ചാർ സാഥി’ ആപ്: കേന്ദ്ര ഉത്തരവ് ആഗസ്റ്റിൽ റഷ്യ പുറപ്പെടുവിച്ച ഉത്തരവിന് സമാനമെന്ന് വിമർശനം
text_fieldsന്യൂഡൽഹി: ചാര സോഫ്റ്റ്വെയർ ‘പെഗാസസി’ന്റെ രണ്ടാംവരവ് എന്ന വിമർശനം ഉയർന്നതോടെ, മൊബൈൽ ഫോണുകളിൽ നിന്ന് ‘സഞ്ചാർ സാഥി’ ആപ് ഡിലീറ്റ് ചെയ്യാൻ കഴിയുമെന്ന വാദവുമായി കേന്ദ്ര സർക്കാർ. ആപ് ഡിലീറ്റ് ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ കഴിയാത്ത തരത്തില്‍ ‘സഞ്ചാർ സാഥി’ ആപ് പ്രീ-ഇൻസ്‌റ്റാള്‍ ചെയ്യണമെന്ന് മൊബൈൽ കമ്പനികൾക്ക് ഏതാനും ദിവസം മുമ്പ് നിർദേശം നൽകിയത് വാർത്താ ഏജൻസി ‘റോയിട്ടേഴ്സ്’ പുറത്തു കൊണ്ടുവന്നതിന് പിന്നാലെയുണ്ടായ പ്രതിഷേധം തണുപ്പിക്കാനാണ് ഡിലീറ്റ് ചെയ്യാമെന്ന വാദവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തുവന്നത്.
ഇതിനകം ഉപയോഗത്തിലുള്ളതോ സ്റ്റോറുകളിൽ വിൽപനക്ക് വെച്ചിട്ടുള്ളതോ ആയ ഫോണുകളിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളിലൂടെ ആപ് പ്രവർത്തനക്ഷമമാക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഉത്തരവ് പിൻവലിക്കാതെയാണ്, ഡിലീറ്റ് ചെയ്യാനാകുമെന്ന വാദം മന്ത്രി ഉയർത്തുന്നത്.
ആപ് വഴി ചാരവൃത്തിയോ കാൾ നിരീക്ഷണമോ നടക്കുന്നില്ലെന്നും തട്ടിപ്പിൽ നിന്നും മോഷണത്തിൽ നിന്നും സംരക്ഷിക്കാനുള്ള ആപ് എല്ലാവരിലും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു വിവാദം കനത്തതോടെ മന്ത്രിയുടെ വിശദീകരണം.
ആപ് ഡിലീറ്റ് ചെയ്യണമെങ്കിൽ ഡിലീറ്റ് ചെയ്യൂ. ഉപയോഗിക്കേണ്ടെങ്കിൽ രജിസ്റ്റർ ചെയ്യരുത്. രജിസ്റ്റർ ചെയ്താൽ സജീവമാകും, ചെയ്തില്ലെങ്കിൽ നിഷ്ക്രിയമായി തുടരും. പ്രതിപക്ഷം എല്ലായിടത്തും പ്രശ്നം കണ്ടെത്താൻ ശ്രമിക്കുകയാണ്. ഇത് ചാരപ്പണിക്കുള്ള ആപ് അല്ല. ഓരോ വ്യക്തിക്കും ആപ് സംബന്ധിച്ച് സ്വയം തീരുമാനിക്കാനാകും. ഇത് പൊതുജന പങ്കാളിത്തത്തിലേക്കുള്ള ചുവടുവെപ്പാണ്. ജനങ്ങൾ സ്വാഗതം ചെയ്യണമെന്നും പാർലമെന്റിന് പുറത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
വ്യാജമായതോ തട്ടിപ്പിൽ ഉൾപ്പെട്ടതോ ആയ ഐ.എം.ഇ.എ നമ്പറുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് കണ്ടെത്താനെന്ന വാദം ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിയന്ത്രണത്തിലുള്ള ആപ് ഉപഭോക്താക്കൾക്ക് ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നത്. ഭാവിയിൽ ഏതൊക്കെ രീതിയിൽ സർക്കാർ ആപ്പിനെ ഉപയോഗിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. സര്‍ക്കാറിന്റെ തീരുമാനത്തിൽ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍, സാംസങ്, ഷവോമി തുടങ്ങിയ കമ്പനികൾ എതിർപ്പ് അറിയിച്ചെന്നാണ് വിവരം.
കേന്ദ്ര ടെലികോം മന്ത്രാലയം ഒരാഴ്ച മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് റോയിട്ടേഴ്സ് റിപ്പോർട്ടിനു ശേഷം ഡിസംബർ ഒന്നിനാണ് കേന്ദ്രം പരസ്യപ്പെടുത്തുന്നതെന്നും ഇത് തന്നെ സുതാര്യമില്ലായ്മ വ്യക്തമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. എല്ലാ സ്മാർട്ട്‌ഫോണുകളിലും സർക്കാർ പിന്തുണയുള്ള സന്ദേശവിനിമയ ആപ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്നാവശ്യപ്പെട്ട് ആഗസ്റ്റിൽ റഷ്യ പുറപ്പെടുവിച്ച സമാന ഉത്തരവാണ് ഇന്ത്യയും ഇറക്കിയിട്ടുള്ളതെന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം.
ഉപയോക്താക്കളുടെ സൈബർ സുരക്ഷ ഉറപ്പു വരുത്താനും സുഗമമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്‌ടിക്കാനുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ടെലികോം മന്ത്രാലയം കഴിഞ്ഞ ജനുവരിയിലാണ് സഞ്ചാർ സാഥി ആപ് വികസിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

