സന്യാസിമാരുടെ ക്ഷമ നശിപ്പിക്കാൻ സനാതനധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നവർ ശ്രമിച്ചു; അവർ പരാജയപ്പെട്ടുവെന്ന് യോഗി
text_fieldsലഖ്നോ: സന്യാസിമാരുടെ ക്ഷമ നശിപ്പിക്കാൻ സനാതനധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നവർ ശ്രമിച്ചുവെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാൽ അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ കുംഭമേളക്കിടെ തിക്കിലും തിരക്കലും പെട്ട് ആളുകൾ മരിച്ചതിന് പിന്നാലെ പ്രയാഗ്രാജിൽ സന്ദർശനം നടത്തിയതിന് ശേഷമായിരുന്നു യു.പി മുഖ്യമന്ത്രിയുടെ പ്രതികരണം.
പരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിലും ക്ഷമ നഷ്ടപ്പെടാതെ അവർ പ്രവർത്തിച്ചു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ പോലെ അവർ ആളുകൾക്ക് ഉപദേശം നൽകി. പ്രതിസന്ധി സമയത്ത് അവർ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സന്യാസിമാർ എപ്പോഴും ബഹുമാനിക്കപ്പെടണം. സനാതന ധർമ്മത്തെ ആരും തകർക്കരുത്.എന്നാൽ, സനാതന ധർമ്മത്തിന് എതിരെ പ്രവർത്തിക്കുന്നവർ സന്യാസിമാരുടെ ക്ഷമ നശിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, അവർ അതിൽ പരാജയപ്പെടുകയാണ് ഉണ്ടായതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. രാമജന്മഭൂമി പ്രശ്നം മുതൽ സനാതന ധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നവരുടെ പ്രവർത്തനങ്ങൾ നമ്മൾ കാണുന്നുണ്ടെന്നും യോഗി പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച പുലർച്ച ഒരുമണിയോടെയാണ് പ്രയാഗ്രാജിലെ കുംഭമേള സ്ഥലത്ത് ദുരന്തമുണ്ടായത്. സന്യാസിമാർക്കൊപ്പമുള്ള ഗംഗാ സ്നാനത്തിന് ഭക്തർ തിരക്കുകൂട്ടിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. മൗനി അമാവാസി ദിനമായതിനാൽ കോടിക്കണക്കിന് ഭക്തരാണ് ബുധനാഴ്ച സംഗമ സ്നാനത്തിനെത്തിയത്. ഭക്തർ ബാരിക്കേഡ് മറികടന്നതാണ് അപകടത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ജനക്കൂട്ടത്തിന്റെ തള്ളലിലാണ് പലരും നിലത്തുവീണതെന്നും ഇവർക്ക് രക്ഷപ്പെടാനായില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

