മാലേഗാവിലെ രണ്ട് സ്ഫോടന കേസുകൾക്കും ഒരേ വിധി
text_fieldsമാലേഗാവിലെ സ്ഫോടനത്തിൽ നിന്നും
മുംബൈ: മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മാലേഗാവിൽ 2006ലും 2008ലും നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസുകൾക്ക് സമാന പര്യവസാനം. രണ്ട് കേസുകളിലെയും പ്രതികളെ കോടതി കുറ്റമുക്തരാക്കി. 2008ലെ കേസിൽ ബി.ജെ.പിയുടെ മുൻ ഭോപാൽ എം.പി പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ ശ്രീകാന്ത് പുരോഹിത് എന്നിവരടക്കം ഏഴുപേരെ വിചാരണക്ക് ശേഷം 2025ലാണ് എൻ.ഐ.എ കോടതി കുറ്റമുക്തരാക്കിയത്. 2006ലെ കേസിൽ രാജേന്ദ്ര ചൗധരി, ധൻ സിങ്, മനോഹർ രാംസിങ് നർവാരിയ, ലോകേഷ് ശർമ എന്നിവർക്കെതിരെ കുറ്റംചുമത്തിയ എൻ.ഐ.എ കോടതി നടപടി ബോംബെ ഹൈകോടതി റദ്ദാക്കുകയും ചെയ്തു.
2014ൽ ദേശീയ രാഷ്ട്രീയത്തിലെ ദിശമാറ്റത്തിന് പിന്നാലെ, സ്ഫോടന കേസുകളിലെ അന്നത്തെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ രോഹിണി സാലിയാൻ നടത്തിയ വെളിപ്പെടുത്തലാണ് ഇതോടെ ചർച്ചയാകുന്നത്. ഹിന്ദുത്വ സംഘടനാ പ്രവർത്തകൾ പ്രതികളായ കേസിൽ മൃദുസമീപനം സ്വീകരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതായി എൻ.ഐ.എ ഉദ്യോഗസ്ഥൻ പറഞ്ഞെന്നാണ് അവരുടെ വെളിപ്പെടുത്തൽ. പിന്നീട് അവരെ പ്രോസിക്യൂട്ടർ പദവിയിൽനിന്ന് മാറ്റി.
2006ലെ സ്ഫോടനം ആദ്യം അന്വേഷിച്ചത് മഹാരാഷ്ട്ര എ.ടി.എസാണ്. ‘സിമി ബന്ധമുള്ള’ ഒമ്പത് മുസ്ലിം യുവാക്കളെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ജാമ്യംകിട്ടുംവരെ അഞ്ച് വർഷം അവർ ജയിലിൽ കഴിഞ്ഞു. 2008ലെ സ്ഫോടനം അന്വേഷിച്ചതും എ.ടി.എസാണ്. അന്ന് ഹേമന്ത് കർക്കരെയായിരുന്നു തലവൻ. രണ്ടാം സ്ഫോടനത്തിന് പിന്നിൽ ഹിന്ദുത്വ സംഘടനയാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. പ്രജ്ഞ സിങ്ങും പുരോഹിതും അടക്കം സന്യാസ, സൈനിക ബന്ധമുള്ളവരാണ് പ്രതികളായത്. 2010ൽ മക്ക മസ്ജിദ് കേസിൽ ജയിലിൽ കഴിയുന്നതിനിടെ സ്വാമി അസിമാനന്ദ നടത്തിയ വെളിപ്പെടുത്തൽ കർക്കരെയുടെ കണ്ടെത്തലുകൾ ശരിവെക്കുന്നതായിരുന്നു. ആർ.എസ്.എസ് മുൻ പ്രചാരക് സുനിൽ ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഫോടനങ്ങൾക്ക് പിന്നിലെന്നായിരുന്നു ആരോപണം. സുനിൽ ജോഷി പിന്നീട് ദുരൂഹ സാഹചര്യത്തിൽ മരിച്ചു.
2008 നവംബറിൽ മുംബൈ ഭീകരാക്രമണത്തിൽ കർക്കരെ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിന് ശേഷം തീവ്രവാദ കേസുകൾ അന്വേഷിക്കാൻ രൂപവത്കരിച്ച എൻ.ഐ.എ കേന്ദ്ര നിർദേശത്തെ തുടർന്ന് 2011ലാണ് രണ്ട് കേസുകളും ഏറ്റെടുക്കുന്നത്. കർക്കരെയുടെ കണ്ടെത്തലുകളും അസിമാനന്ദയുടെ വെളിപ്പെടുത്തലും ശരിവെക്കുന്നതായിരുന്നു എൻ.ഐ.എയുടെ കണ്ടെത്തൽ. 2006ലെ കേസിൽനിന്ന് മുസ്ലിം യുവാക്കളെ ഒഴിവാക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകിയ എൻ.ഐ.എ 2013ലാണ് രാജേന്ദ്ര ചൗധരി, ധൻ സിങ്, മനോഹർ രാംസിങ് നർവാരിയ, ലോകേഷ് ശർമ എന്നിവരെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ, 2014ലെ ലോക്സഭ തെരഞ്ഞെടുപ്പോടെ ദേശീയ രാഷ്ട്രീയത്തിൽ മാറ്റംവന്നതോടെ കോടതികളിൽ എൻ.ഐ.എ നിലപാട് മാറുന്നതാണ് പിന്നീട് കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

