സംഭൽ വെടിവെപ്പ്: പൊലീസിനെതിരെ എഫ്.ഐ.ആറിന് ഉത്തരവിട്ട ജഡ്ജിക്ക് സ്ഥലം മാറ്റം
text_fieldsന്യൂഡൽഹി: സംഭൽ ശാഹി ജമാ മസ്ജിദ് സർവേക്കിടെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ജഡ്ജിയെ സ്ഥലം മാറ്റി. സർക്കിൾ ഓഫിസർ അനൂജ് ചൗധരി, ഇൻസ്പെക്ടർ അനൂജ് കുമാർ തോമർ എന്നിവരുൾപ്പെടെ 20 ഓളം പൊലീസുകാർക്കെതിരെ എഫ്.ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ചന്ദൗസി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിഭാൻഷു സുധീറിനെയാണ് സുൽത്താൻ പൂരിലേക്ക് സിവിൽ ജഡ്ജിയായി സ്ഥലം മാറ്റിയത്.
ചന്ദൗസി കോടതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി മൂന്നുമാസം മുമ്പാണ് വിഭാൻഷു സുധീർ ചുമതലയേറ്റത്. സംഭൽ സംഘർഷത്തിന് കാരണമായ സർവേക്ക് ഉത്തരവിട്ട ആദിത്യ സിങ് ആണ് വിഭാൻഷു സുധീറിന് പകരക്കാരനായി എത്തുന്നത്. സംഘർഷത്തിനിടെ പള്ളിക്ക് സമീപമുണ്ടായിരുന്ന തന്റെ മകൻ ആലമിനെ പൊലീസ് വെടിവെച്ചെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസി യാമിൻ സമർപ്പിച്ച പരാതിയിലാണ് പൊലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിഭാൻഷു സുധീർ ഉത്തരവിട്ടത്.
പൊലീസ് സമർപ്പിച്ച റിപ്പോർട്ടും മെഡിക്കൽ രേഖകളും തമ്മിൽ വലിയ വൈരുധ്യമുണ്ടെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ക്രിമിനൽ കുറ്റം നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവ് വന്ന് ഒരാഴ്ച പിന്നിട്ടിട്ടും പൊലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നില്ല.
കോടതി ഉത്തരവിനെതിരെ അലഹബാദ് ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് സംഭൽ എസ്.പി കൃഷൻ കുമാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവിട്ട ജഡ്ജിക്ക് സ്ഥലംമാറ്റം ഉണ്ടാകുന്നത്. സ്ഥലംമാറ്റത്തിനെതിരെ ചന്ദൗസി കോടതിയിലെ അഭിഭാഷകർ ബുധനാഴ്ച പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

