സംഭാലിലേക്ക് പുറത്ത് നിന്നുള്ളവരുടെ പ്രവേശന വിലക്ക് ഡിസംബർ 10 വരെ നീട്ടി
text_fieldsലഖ്നോ: സംഭാലിലേക്ക് പുറത്ത് നിന്നുള്ളവരുടെ പ്രവേശനം ഡിസംബർ 10 വരെ നീട്ടി ജില്ലാ ഭരണകൂടം. ശനിയാഴ്ച പ്രവേശനവിലക്ക് അവസാനിച്ചതിന് പിന്നാലെയാണ് വീണ്ടും നീട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സമാജ്വാദി പാർട്ടി എം.പിമാർ ഉൾപ്പടെയുള്ളവരെ സംഭാലിലേക്കുള്ള വഴിയിൽ തടഞ്ഞിരുന്നു. യു.പി നിയമസഭ പ്രതിപക്ഷ നേതാവ് മാത പ്രസാദ് പാണ്ഡേയുടെ സംഘത്തെയാണ് ഗാസിയാബാദിൽവെച്ച് തടഞ്ഞത്.
പുറത്ത് നിന്നുള്ള ആളുകൾക്കോ, സാമൂഹിക സംഘടനക്കോ, രാഷ്ട്രീയനേതാക്കൾക്കോ ജില്ലാ അതിർത്തികൾ കടന്ന് എത്തണമെങ്കിൽ മുൻകൂർ അനുമതിവാങ്ങണമെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പെൻസിയ പറഞ്ഞു.
നേരത്തെ ഉത്തർപ്രദേശിലെ സംഭലിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കലാപത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. റിട്ടയേഡ് ഹൈകോടതി ജഡ്ജി ദേവേന്ദ്രകുമാർ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. റിട്ടയേഡ് ഐ.എ.എസ് ഓഫിസർ അമിത് മോഹൻ പ്രസാദ്, മുൻ ഐ.പി.എസ് ഓഫിസർ അരവിന്ദ് കുമാർ ജയിൻ എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റംഗങ്ങൾ. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
നവംബർ 24ന് സംഭലിലെ മുഗൾ ഭരണകാലത്തെ ജമാ മസ്ജിദിൽ സർവേ നടക്കുന്നതിനിടെ പ്രദേശ വാസികൾ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കോടതി ഉത്തരവ് പ്രകാരം രണ്ടാമത്തെ തവണയായിരുന്നു സർവേ നടത്തിയത്. തുടക്കത്തിൽ ആളുകൾ തടിച്ചുകൂടുകയും പിന്നീട് അക്രമം രൂക്ഷമാകുകയുമായിരുന്നു. സർവേ ഉദ്യോഗസ്ഥരെ പൊലീസ് സുരക്ഷിതമായി മാറ്റി. പിന്നാലെ പൊലീസ് വാഹനമുൾപ്പെടെ കത്തിക്കാനും അടിച്ചുതകർക്കാനുമുള്ള നീക്കമാണ് നടന്നത്. സംഘർഷം രൂക്ഷമായതോടെയുണ്ടായ പൊലീസ് വെടിവെപ്പിലാണ് യുവാക്കൾ കൊല്ലപ്പെട്ടത്.
സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് നവംബർ 19ന് മസ്ജിദിലെ സർവേക്ക് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. മസ്ജിദ് ഉണ്ടായിരുന്നിടത്ത് ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും അത് പൊളിച്ച് മുഗൾ ചക്രവർത്തി ബാബർ പള്ളി പണിയുകയായിരുന്നുവെന്നും കാണിച്ച് വിഷ്ണു ശങ്കർ ജയിൻ കോടതിയെ സമീപിക്കുകയായിരുന്നു.
പൊലീസ് വെടിവെപ്പിൽ അഞ്ചുപേർ മരിക്കുകയും 20ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭൽ എം.പി സിയാവുർ റഹ്മാൻ ഒന്നാം പ്രതിയും സുഹൈൽ മഹ്മൂദ് രണ്ടാം പ്രതിയുമാണ്. കൂടാതെ, ആറു പേരെയും തിരിച്ചറിയാത്ത 700-800 പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

