Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വഖഫ് ബോർഡിന്റെ അനുമതിയില്ലെന്ന്; യു.പിയിൽ മൂന്ന് മാസം മുമ്പ് നിർമിച്ച പള്ളി പൊളിച്ചുനീക്കി

text_fields
bookmark_border
വഖഫ് ബോർഡിന്റെ അനുമതിയില്ലെന്ന്; യു.പിയിൽ മൂന്ന് മാസം മുമ്പ് നിർമിച്ച പള്ളി പൊളിച്ചുനീക്കി
cancel

സംഭൽ: വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമിച്ചെന്ന കാരണം പറഞ്ഞ് ഉത്തർപ്രദേശിൽ പള്ളി പൊളിച്ചുനീക്കി. ഐച്ചോഡ കംബോഹ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കരീം മസ്ജിദാണ് വ്യാഴാഴ്ച ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. വഖഫ് ഭൂമിയിൽ പള്ളി നിർമിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കാൻ പള്ളി കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് ആരാധാനാലയം തകർക്കാൻ നടപടി സ്വീകരിച്ചത്.

വഖഫ് സ്വത്തായി രേഖപ്പെടുത്തിയിട്ടുള്ള 3.367 ഹെക്ടർ ഭൂമിയുടെ ഭാഗമായ 130 ചതുരശ്ര മീറ്ററോളം സ്ഥലത്താണ് പള്ളി നിർമിച്ചിരുന്നത്. ഏകദേശം മൂന്നുമാസം മുമ്പാണ് ഇതിന്റെ നിർമാണം പൂർത്തിയായത്. പിന്നീട് പള്ളി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും നിർമാണത്തിന് ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെ രേഖകൾ സമർപ്പിച്ചില്ലെന്ന കാരണം പറഞ്ഞ് പൊളിച്ചുനീക്കുകയായിരുന്നു.

പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് വിഷയത്തിൽ ഇടപെട്ടതെന്നാണ് അധികൃതരുടെ വാദം. തുടർന്ന് ജില്ല മജിസ്ട്രേറ്റ് അങ്കിത് ഖണ്ഡേൽവാൾ വഖഫ് ഉദ്യോഗസ്ഥരോട് അന്വേഷണം നടത്താൻ നിർദേശിച്ചു. പള്ളിയുടെ മുതവല്ലിയായ ഇർഷാദിന് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളും നിർമാണത്തിനുള്ള അനുമതിപത്രവും ഹാജരാക്കാൻ നോട്ടീസ് നൽകി. ഭൂമിയുമായി ബന്ധപ്പെട്ട ചില രേഖകൾ കമ്മിറ്റി സമർപ്പിച്ചെങ്കിലും നിർമാണത്തിന് സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്താൽ പൊളിക്കാൻ ഉത്തരവിടുകയായിരുന്നു. അന്വേഷണ റിപ്പോർട്ട് സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് (എസ്.ഡി.എം) കൈമാറി. തുടർന്ന് തഹസിൽദാർ ധീരേന്ദ്ര കുമാർ സിങ് കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവിട്ടു.

നിർമാണത്തിന് അനുമതി നേടിയിട്ടുണ്ടോയെന്ന കാര്യത്തിൽ പള്ളി കമ്മിറ്റിയോട് വിശദീകരണം തേടിയിരുന്നുവെന്നും എന്നാൽ തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നുമാണ് എസ്.ഡി.എം വികാസ് ചന്ദ്ര പറഞ്ഞത്. വഖഫ് ഭൂമിയിൽ പുതിയ നിർമാണം നടത്താൻ ബോർഡിന്റെ അനുമതി നിർബന്ധമാണെന്നും അന്വേഷണത്തിൽ അത്തരം അനുമതി ലഭിച്ചതായി കണ്ടെത്താനായില്ലെന്നും തഹസിൽദാർ പറയുന്നു.

നടപടിക്കിടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഡ്രോണുകൾ ഉപയോഗിച്ച് പ്രദേശം നിരീക്ഷിക്കുകയും ചെയ്തു. പൊളിച്ചുനീക്കൽ നടപടികൾക്കിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാനാണ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UP Authorities Demolish Illegal Sambhal Mosque
Next Story