മുസ്‍ലിംകൾക്കെതിരെ വിവാദ പരാമർശം നടത്തിയ സി.ഐക്ക് യു.പി പൊലീസിന്റെ ക്ലീൻചിറ്റ്
text_fieldsലഖ്നോ: മുസ്‍ലിം വിഭാഗത്തിനെതിരെ വിവാദ പരാമർശം നടത്തിയ സംഭാൽ സർക്കിൾ ഇൻസ്പെക്ടർ അനുജ് ചൗധരിക്ക് യു.പി പൊലീസിന്റെ ക്ലീൻചിറ്റ്. ഈ വർഷം ഹോളി വെള്ളിയാഴ്ചയായിരുന്ന വന്നത്. തുടർന്ന് മുസ്‍ലികളുടെ വെള്ളിയാഴ്ച പ്രാർഥനയും ഹോളിയും ഒരേ ദിവസം വരുന്നതിനാൽ സമാധാനം ഉറപ്പാക്കുന്നതിനായി സംഭാലിൽ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലായിരുന്നു സി.ഐയുടെ വിവാദ പരാമർശം.
ഹോളിയിൽ നിറങ്ങൾ ശരീരത്തിലാകുന്നത് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ മുസ്‍ലിംകൾ വീട്ടിൽ തന്നെ തുടരട്ടെയെന്നായിരുന്നു സി.ഐയുടെ പരാമർശം. സി.ഐയുടെ പരാമർശം വലിയ വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തു. തുടർന്ന് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനായ അമിതാഭ് താക്കൂർ ചൗധരിക്കെതിരെ പരാതി നൽകി. സർവീസ് ചട്ടങ്ങൾ സി.ഐ ലംഘിച്ചുവെന്നായിരുന്നു പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാൽ, എസ്.പി മനോജ് കുമാർ അവാസ്തിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സി.ഐ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തിയത്. പരാതിയിലെ ആരോപണങ്ങൾ തെളിയിക്കുന്നതിന് വിശ്വാസ്യയോഗ്യമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും എസ്.പി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ജൻ കല്യാൺ സമിതി പ്രസിഡന്റ് ജിതേരന്ദ വർമ്മ, അസ്മോലി ഗ്രാമത്തിൽ നിന്നുള്ള യാസീൻ എന്നിവരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് പേരുടെ മൊഴികളും സംഭാൽ സർക്കിൾ ഇൻസ്പെക്ടറെ പിന്തുണക്കുന്നതായിരുന്നു.
സംഭാൽ സർക്കിൾ ഇൻസ്പെക്ടറെ സംബന്ധിച്ചടുത്തോളം വിവാദങ്ങൾ ഇതാദ്യമായല്ല. യുണിഫോമിൽ ഹിന്ദു വിഭാഗത്തിന്റെ ജാഥയിൽ പങ്കെടുത്തും അദ്ദേഹം വിവാദത്തിലായിരുന്നു. ക്ഷേത്രത്തിലെ ചടങ്ങുകളിലും പൊലീസ് ഇൻസ്പെക്ടർ പങ്കാളിയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

