Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി പിടിക്കാൻ...

യു.പി പിടിക്കാൻ 'പി.ഡി.എ' തന്ത്രം; 100 ദലിത്-ആദിവാസി സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ സമാജ്‌വാദി പാർട്ടി

text_fields
bookmark_border
Samajwadi Party
cancel
camera_alt

അഖിലേഷ് യാദവ്

ലഖ്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട് സമാജ്‌വാദി പാർട്ടി. പാർട്ടിയുടെ 'പി.ഡി.എ' (പിഛ്ഡ, ദലിത്, അൽപ്സംഖ്യക്) തന്ത്രം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, തെരഞ്ഞെടുപ്പിൽ 100 ദലിത്-ആദിവാസി സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. നിലവിൽ എസ്.സി സംവരണമുള്ള 84 സീറ്റുകൾക്കും എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്ത രണ്ട് സീറ്റുകൾക്കും പുറമെ, 14 ജനറൽ സീറ്റുകളിലും ദലിത് സ്ഥാനാർഥികളെ നിർത്താനാണ് പാർട്ടി തീരുമാനം.

സംസ്ഥാനത്ത് ബി.എസ്.പിയുടെ സ്വാധീനം ദിനംപ്രതി കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സമാജ്‍വാദി പാർട്ടി തന്ത്രങ്ങൾ മെനയുന്നത്. ദലിത് വോട്ടർമാരെ തങ്ങളിലേക്ക് അടുപ്പിക്കുകയെന്നത് തെരഞ്ഞെടുപ്പിൽ നിർണായകമാകും. 2011ലെ സെൻസസ് പ്രകാരം യു.പിയിലെ ജനസംഖ്യയുടെ 21 ശതമാനം ദലിതരാണ്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളും 22.23 ശതമാനം വോട്ട് ഷെയറും ഉണ്ടായിരുന്ന ബി.എസ്.പിക്ക്, 2022ൽ അത് വെറും ഒരു സീറ്റിലേക്കും 12.88 ശതമാനം വോട്ട് ഷെയറിലേക്കും ചുരുങ്ങിയിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോഴേക്കും അത് കൂടുതൽ വഷളായി. ബി.എസ്.പിക്ക് ഒരു സീറ്റ് പോലും നേടാനായില്ലെന്ന് മാത്രമല്ല വോട്ട് ഷെയർ 9.4 ശതമാനമായി താഴുകയും ചെയ്തു. ഇത് മുതലെടുക്കാനാണ് എസ്.പിയുടെ ശ്രമം.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടെയുള്ള പൊതു സീറ്റുകളിൽ ദലിത് സ്ഥാനാർഥികളെ നിർത്തി വിജയം കൊയ്ത സമാജ്‍വാദി, അതേ മാതൃക നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് പദ്ധതി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 62 സീറ്റുകളിൽ മത്സരിച്ച സമാജ്‍വാദി അഞ്ച് യാദവ് സ്ഥാനാർഥികളെയും നാല് മുസ്‍ലിം സ്ഥാനാർഥികളെയും മാത്രമാണ് നിർത്തിയത്. ഇവർ ഒമ്പതുപേരും വിജയിച്ചു. കൂടാതെ, മീററ്റിൽ നിന്നും അയോധ്യയിൽ നിന്നും ദലിത് സ്ഥാനാർഥികളെയും മത്സരിപ്പിച്ചു.

അയോധ്യയിൽ അവധേഷ് പ്രസാദ് വിജയിച്ചപ്പോൾ, മീററ്റിൽ സുനിത വർമ്മ ബി.ജെ.പിയുടെ അരുൺ ഗോവിലിനോട് 10,585 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്. അന്ന് മൊത്തം ഏഴ് ദലിത് സ്ഥാനാർഥികൾ എസ്.പി ടിക്കറ്റിൽ ലോക്‌സഭയിലെത്തിയിരുന്നു. അയോധ്യയിൽ അവധേഷ് പ്രസാദിന്റെ വിജയം പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

വെറും തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം, സമാജ്‌വാദി പാർട്ടി കേവലം 'യാദവ്-മുസ്‌ലിം' പാർട്ടിയാണെന്ന പൊതുബോധം തകർക്കാനും അഖിലേഷ് യാദവ് ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഒരു സോഷ്യൽ എൻജിനീയറിങ് പരീക്ഷണമാണ് സമാജ്‍വാദി പയറ്റുന്നത്. ഇതര വിഭാഗങ്ങൾക്ക് കൂടുതൽ അവസരം നൽകി, സർക്കാരുണ്ടാക്കുന്ന ഘട്ടത്തിൽ പരമ്പരാഗത വോട്ട് ബാങ്കുകളെ ലെജിസ്ലേറ്റീവ് കൗൺസിൽ വഴി പരിഗണിക്കാനാണ് പാർട്ടിയുടെ തീരുമാനം.

ഇതിനിടെ ബി.എസ്.പി ബി.ജെ.പിയെ സഹായിക്കുകയാണെന്ന കടുത്ത വിമർശനവും സമാജ്‍വാദി ശക്തമാക്കിയിട്ടുണ്ട്. ബി.എസ്.പിക്ക് വോട്ട് ചെയ്യുന്നത് വോട്ടുകൾ പാഴാക്കുന്നതിന് തുല്യമാണെന്നും ബി.ജെ.പിയെ തോൽപ്പിക്കാൻ ശേഷിയുള്ളത് തങ്ങൾക്കാണെന്നും അഖിലേഷ് യാദവ് തുറന്നടിച്ചു. ബി.ജെ.പിയുടെ 'മനുവാദി' അജണ്ട ദലിത് സമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വലിയൊരു വിഭാഗം ദലിത് വോട്ടുകൾ ഇന്ത്യ സഖ്യത്തിലേക്ക് എത്തുമെന്നുമാണ് എസ്.പി നേതാക്കളുടെ കണക്കുകൂട്ടൽ.

രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും ഇടപെടലുകളും ദലിത് കേന്ദ്രങ്ങളിൽ ഉണ്ടാക്കിയ സ്വാധീനം ഇന്ത്യ സഖ്യത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കോൺഗ്രസുമായുള്ള സഖ്യം കൂടി തുടരുമ്പോൾ 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.പിയിലെ രാഷ്ട്രീയ ചിത്രം എസ്.പിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. ഏതായാലും, ദലിത് വോട്ടുകൾക്കായി ബി.ജെ.പിയും എസ്.പിയും തമ്മിലുള്ള പോരാട്ടം യു.പിയിൽ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidateSamajwadi Partydalitstribalsassembly electionUttar PradeshPDA Alliance
News Summary - Samajwadi Party firms up plan to field 100 Dalits, tribals in UP
Next Story