മുഹമ്മദലി ജൗഹർ യൂനിവേഴ്സിറ്റി: വൈജ്ഞാനിക സ്ഥാപനങ്ങളെ ബുൾഡോസറിങ്ങിന് വിധേയമാക്കരുത്, മറ്റു പരിഹാരങ്ങൾ തേടണം -സമദാനി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ റാംപൂരിൽ മൗലാനാ മുഹമ്മദലി ജൗഹർ യൂനിവേഴ്സിറ്റിയുടെ കെട്ടിടങ്ങൾ തകർക്കാനുള്ള നീക്കം അടിയന്തിരമായി ഇടപ്പെട്ട് തടയണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഒരു വിജ്ഞാന കേന്ദ്രത്തിനെതിരെ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നശീകരണ ഭീഷണിയാണ് സർവ്വകലാശാലക്കെതിരെ ഉയർന്നിരിക്കുന്നത്. ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്നതും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിൽ പെടുന്നൊരു അതികായന്റെ നാമധേയത്തിൽ നിലകൊള്ളുന്നതുമായ സ്ഥാപനത്തിനെതിരായ ഈ നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സബ്മിഷനിലൂടെ സമദാനി പറഞ്ഞു.
യൂനിവേഴ്സിറ്റി ക്യാമ്പസിലെ നാല്പത് ഘട്ടങ്ങളിൽ മുപ്പത്തിയെട്ടും തകർക്കാനാണ് റാംപൂർ ഡെവലപ്മെന്റ് അതോറിറ്റി നോട്ടീസ് നൽകിയിരിക്കുന്നത്. ഫാക്കൽറ്റി ബ്ലോക്കുകളും സെൻട്രൽ ലൈബ്രറിയും വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലുകളുമെല്ലാം ഇതിൽ ഉൾപ്പെടും. സ്ഥാപന നടത്തിപ്പിലെ കേവലം ക്രമക്കേടുകളുടെ പേര് പറഞ്ഞാണ് അധികൃതർ കടുത്ത നശീകരണനടപടിക്ക് തുനിഞ്ഞിരിക്കുന്നത്. അങ്ങനെയുണ്ടെങ്കിൽ അതിന് മറ്റു പരിഹാരങ്ങൾ തേടുകയാണ് വേണ്ടത്. അല്ലാതെ വൈജ്ഞാനിക സ്ഥാപനങ്ങളെ ബുൾഡോസറിങ്ങിന് വിധേയമാക്കുകയല്ല.
ഒരു സർവ്വകലാശാല എന്നത് യുവതയുടെ ഭാവിയെ പരിപോഷിപ്പിക്കുന്ന രാജ്യത്തിന്റെ പൊതുസ്വത്താണ്. ക്രമക്കേടുകളുടെ പേര് പറഞ്ഞ് ഒരു വിദ്യാഭ്യാസ ക്രമത്തിന്റെ സൗകര്യങ്ങൾ തകർക്കാനുള്ള നീക്കം യുവാക്കളുടെ മസ്തിഷ്കങ്ങളെയും അവരുടെ അക്കാദമിക അഭ്യുന്നതിയെയും തൊഴിലിനെയുമെല്ലാം തകർക്കാനുള്ളതാണ്. അതിനാൽ അടിയന്തിരമായി ഇടപെട്ട് ജൗഹർ യൂനിവേഴ്സിറ്റിയുടെ ആവാസവ്യവസ്ഥ കാത്തുരക്ഷിക്കുകയും അവിടത്തെ വിദ്യാർഥികളുടെ അവകാശങ്ങളും ഭാവിയും സംരക്ഷിക്കുകയും ചെയ്യണമെന്ന് സമദാനി കേന്ദ്ര സർക്കാരിനോടും വിദ്യാഭ്യാസ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

