‘സംവരണമില്ലാതെയും വളർച്ചയാകാം’; കോൺഗ്രസിനെ വിഷമവൃത്തത്തിലാക്കി സാം പിത്രോഡ
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ, സംവരണ പ്രക്ഷോഭം നടത്തുന്ന പാട്ടീദാർ സമുദായത്തെ പാട്ടിലാക്കാൻ ഭഗീരഥപ്രയത്നം നടത്തുന്ന കോൺഗ്രസിനെ വിഷമവൃത്തത്തിലാക്കി രാഹുൽ ഗാന്ധിയുടെ ഉപദേശകൻ. സംസ്ഥാനത്തെ പാർട്ടി പ്രകടനപത്രികയുടെ ശിൽപി കൂടിയായ സാം പിത്രോഡയാണ് സംവരണത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചത്.
അവസരങ്ങൾ നിഷേധിക്കപ്പെടുന്ന അടിത്തട്ടിലുള്ളവരെ സംബന്ധിച്ച് സംവരണം പ്രധാനമാണെങ്കിലും സംവരണമില്ലാതെയും വളർച്ച സാധ്യമാണെന്ന് പിത്രോഡ പറഞ്ഞു. സംവരണമില്ലാതെയും ഏറെ കാര്യങ്ങൾ ചെയ്യാനാകും. ആവശ്യത്തിന് അവസരങ്ങൾ നമുക്കു മുന്നിലുണ്ട്.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയരൂപവത്കരണത്തിന് ചുക്കാൻപിടിക്കുന്ന സാം പിത്രോഡയുടെ അഭിപ്രായപ്രകടനത്തെക്കുറിച്ച് പാട്ടീദാർ പ്രക്ഷോഭ നേതാവ് ഹാർദിക് പേട്ടലിെൻറ പ്രതികരണം വന്നിട്ടില്ല. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനകീയ പ്രകടനപത്രിക തയാറാക്കുമെന്ന് സാം പിത്രോഡ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, ചെറുകിട- ഇടത്തരം വ്യവസായം, തൊഴിൽ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഉൗന്നിയായിരിക്കും പ്രകടനപത്രിക. രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് ജനങ്ങളുടെ അഭിപ്രായം തേടുന്നത്.
വഡോദര, അഹ്മദാബാദ്, രാജ്കോട്ട്, ജാംനഗർ, സൂറത്ത് എന്നിവിടങ്ങളിൽ പര്യടനം നടത്തി ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അറിയുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവായിരുന്ന സാം പിത്രോഡ ഇന്ത്യയിൽ ടെലികോം വിപ്ലവത്തിന് തുടക്കമിട്ടവരിൽ ഒരാളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
