
കോൺഗ്രസിൽ അടിയന്തര മാറ്റം ആവശ്യമില്ലെന്ന് സൽമാൻ ഖുർഷിദ്
text_fieldsന്യൂഡൽഹി: കോൺഗ്രസിന് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് ഇല്ലാത്തതിെൻറ പേരിൽ സ്വർഗം ഇടിഞ്ഞുവീഴില്ലെന്നും അതിവേഗത്തിൽ അത്തരമൊരു അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട അടിയന്തര സാഹചര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും മുതിർന്ന പാർട്ടി നേതാവ് സൽമാൻ ഖുർഷിദ്.
അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടയാൾ സോണിയ ഗാന്ധി തന്നെയാണെന്നും കാലങ്ങളായി ഗാന്ധികുടുംബത്തിെൻറ വിശ്വസ്തനായി അറിയപ്പെടുന്ന ഖുർഷിദ് അഭിപ്രായപ്പെട്ടു. പാർട്ടിയിൽ അടിയന്തരമായി സമഗ്രമാറ്റം വേണമെന്നും സംഘടനാസംവിധാനത്തിലൂടെ മുഴുസമയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ട് 23 കോൺഗ്രസ് നേതാക്കൾ പാർട്ടി അധ്യക്ഷക്ക് കത്തെഴുതിയത് സംബന്ധിച്ച വിവാദത്തിൽ പി.ടി.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ്തുത കത്തിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് തന്നെയാരും സമീപിച്ചിരുന്നില്ലെന്നും വന്നിരുന്നുവെങ്കിൽ താൻ ഒപ്പിടില്ലായിരുന്നുവെന്നും മുൻ കേന്ദ്രമന്ത്രികൂടിയായ ഖുർഷിദ് വ്യക്തമാക്കി. കലാപക്കൊടി ഉയർത്തിയ നേതാക്കളിലെ ഏറ്റവും പ്രധാനിയായ ഗുലാംനബി ആസാദിനെ വിമർശിക്കാനും ഖുർഷിദ് മടിച്ചില്ല. ''ഇത്തരമൊരു തെരഞ്ഞെടുപ്പുരീതി ഇല്ലാത്ത മുൻകാലങ്ങളിലെല്ലാം ഉന്നത പദവികളിൽതന്നെയായിരുന്നു ജമ്മു-കശ്മീരിൽനിന്നുള്ള ആ നേതാവും. അന്നൊന്നും ഇതുപോലൊരു ആവശ്യം അദ്ദേഹം ഉന്നയിച്ചിരുന്നില്ലതാനും'' -ഗുലാംനബിയെ പരിഹസിച്ച് ഖുർഷിദ് പറഞ്ഞു.
പാർട്ടിക്കുള്ളത് മുഴുസമയ പ്രസിഡൻറ് തന്നെയാണെന്നും അതുപേക്ഷ ഇടക്കാല പ്രസിഡൻറ് ആണെന്നും കൂട്ടിച്ചേർത്തു. ഏറ്റവും കൂടുതൽ കാലം പാർട്ടിയെ നയിച്ച് പരിചയമുള്ള ഈ ഇടക്കാല പ്രസിഡൻറിന്, പുതിയ നേതാവിനെ തെരഞ്ഞെടുക്കേണ്ട അനുയോജ്യ സമയം ഏതെന്ന് അറിയാമെന്നും ഖുർഷിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
