ഹിന്ദുത്വ തീവ്രവാദ വിവാദം; സൽമാൻ ഖുർഷിദിന്റെ വീട് ആക്രമിച്ച് ഹിന്ദുത്വ പ്രവർത്തകർ
text_fieldsന്യൂഡൽഹി: ഹിന്ദുത്വ തീവ്രവാദം ഐ.എസിനെയും ബോകോ ഹറാം തീവ്രവാദികളെയും പോലെയാണെന്ന തന്റെ പുതിയ പുസ്തകത്തിലെ പരാമർശത്തിന്റെ പേരിൽ മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വീട് അക്രമികൾ അടിച്ചു തകർത്തു. നൈനിത്താളിലെ വീടാണ് ഹിന്ദുത്വ പ്രവർത്തകരുടെ അതിക്രമത്തിന് ഇരയായത്. വീട് ആക്രമിക്കുന്ന
ദൃശ്യങ്ങൾ ഖുർഷിദ് തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചു. ജനൽ ചില്ലുകളും വാതിലുകളും തകർത്തിട്ടിരിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഹിന്ദുത്വ തീവ്രവാദം ഇസ്ലാമിക് സ്റ്റേറ്റിനെയും ബൊക്കോ ഹറമിനെയും പോലെയാണെന്ന് തന്റെ പുതിയ പുസ്തകത്തിൽ പരാമർശം നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെ പിന്തുണച്ച് രാഹുൽ ഗാന്ധി രംഗത്ത് രംഗത്തെത്തിയിരുന്നു.
അതേസമയം, ഖുർഷിദിന്റെ പരാമർശത്തിൽ വസ്തുതാപരമായ തെറ്റുണ്ടെന്ന് ഗുലാം നബി ആസാദ് വിമര്‍ശിച്ചു. ഖുര്‍ഷിദിനെ പിന്തുണച്ച രാഹുൽ ഗുലാം നബി ആസാദിനെ തള്ളിയാണ് രംഗത്ത് വന്നത്. അടുത്ത കാലത്തുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറം തീവ്രവാദ സംഘടനകളെ പോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വ, യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും പരിചിതമായിരുന്ന സനാതന ധര്‍മ്മത്തെയും ക്ലാസിക്കല്‍ ഹിന്ദൂയിസത്തെയും അപ്രസക്തമാക്കിയിരിക്കുകയാണ് എന്ന പുതിയ പുസ്തകത്തിലെ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. ഇത് ഏറ്റെടുത്താണ് ബി.ജെ.പി വിമർശനവുമായി രംഗത്തെത്തിയത്.
മുസ്ലിം വോട്ട് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ഒരു കോണ്‍ഗ്രസ് നേതാവില്‍ നിന്ന് അത്തരത്തിലൊരു പാരമര്‍ശമുണ്ടായതില്‍ അത്ഭുതമില്ലെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. സോണിയ ഗാന്ധി ഇതിന് മറുപടി പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സല്മാന് ഖുര്‍ഷിദിനെ അനുകൂലിച്ചും എതിര്‍ത്തും കോൺഗ്രസിലെ നിരവധി നേതാക്കള്‍ രംഗത്തെത്തി. ഹിന്ദുത്വത്തെ ഐ.എസുമായി താരതമ്യപ്പെടുത്തുന്നതില്‍ വസ്തുതാപരമായ തെറ്റുണ്ടെന്നായിരുന്നു ഗുലാം നബിയുടെ പ്രതികരണം.
മഹാരാഷ്ട്രയില്‍ നടന്ന കോണ്‍ഗ്രസ് പരിപാടിയിലാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നും ആരെയും കൊല്ലാനല്ല ഹിന്ദുമതം പഠിപ്പിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. യു.പി തിരഞ്ഞെടുപ്പിൽ വിവാദം കത്തിച്ച് ഹിന്ദു വോട്ടുകൾ ഏകീകരിക്കുകയാണ് ബി.ജെ.പി ലക്ഷ്യം.

