‘തരൂരിനെ പോലെ ഖുർശിദിനെതിരെയും കോൺഗ്രസ് തിരിയുമോ?’; കശ്മീരിന്‍റെ പ്രത്യേക പദവി വിഷയത്തിൽ ബി.ജെ.പി
text_fieldsന്യൂഡല്‍ഹി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെ സല്‍മാന്‍ ഖുര്‍ശിദ് പിന്തുണച്ചതിൽ കോൺഗ്രസിനോട് ചോദ്യം ഉയർത്തി ബി.ജെ.പി. ഓപറേഷൻ സിന്ദൂരിൽ കേന്ദ്ര സർക്കാറിനെ പിന്തുണച്ച ശശി തരൂരിനെതിരെ ലക്ഷ്യമിട്ടത് പോലെ ഖുർശിദിനെതിരെ കോൺഗ്രസ് തിരിയുമോ എന്ന് ബി.ജെ.പി വക്താവ് അമിത് മാളവ്യ ചോദിച്ചു.
'മിസ്റ്റർ ഖുർശിദിന്‍റെ നിലപാട് ജമ്മു കശ്മീരിലെ കേന്ദ്ര നടപടികൾക്കുള്ള ഉഭയകക്ഷി പിന്തുണയെ പ്രതിഫലിപ്പിക്കുന്നതാണ്. അതിർത്തി കടന്നുള്ള ഭീകരതക്കെതിരായ വിശാല ദേശീയ ഐക്യവും ഇന്ത്യയുടെ പ്രാദേശിക ഐക്യത്തിന്‍റെ ശക്തമായ പുനഃസ്ഥാപനവും ഇത് അടിവരയിടുന്നു. ശശി തരൂരിനോട് ചെയ്തതു പോലെ, അസുഖകരമായ ഒരു സത്യം പറഞ്ഞതിന് കോൺഗ്രസ് അദ്ദേഹത്തിനെതിരെ തിരിയുമോ?. അതോ ഗാന്ധി ക്യാമ്പ് തെരഞ്ഞെടുത്ത കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനാർഥിയെ വെല്ലുവിളിക്കാൻ ധൈര്യപ്പെട്ടതിനാണോ തരൂർ ശിക്ഷിക്കപ്പെടുന്നത്' -മാളവ്യ എക്സിൽ വ്യക്തമാക്കി.
ഭീകരതക്കെതിരെ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂരിനെ കുറിച്ച് വിദേശ രാജ്യങ്ങൾക്ക് മുമ്പാകെ വിശദീകരിക്കാൻ സർവകക്ഷി സംഘത്തിന്‍റെ പര്യടനം നടക്കവെയാണ് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ മോദി സർക്കാർ നടപടിയെ പിന്തുണച്ച് സല്‍മാന്‍ ഖുര്‍ശിദ് രംഗത്തുവന്നത്. ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിൽ വലിയ പുരോഗതി കൈവന്നുവെന്നും ദീര്‍ഘകാലമായി അലട്ടിയിരുന്ന ഗുരുതര പ്രശ്‌നം അവസാനിച്ചെന്നുമാണ് മുന്‍ വിദേശകാര്യ മന്ത്രി കൂടിയായ സല്‍മാന്‍ ഖുര്‍ശിദ് പറഞ്ഞത്.
ഇന്തോനേഷ്യൻ സന്ദർശനത്തിനിടെ അക്കാദമിക രംഗത്തുള്ളവരുമായുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു ഖുര്‍ശിദിന്റെ പരാമര്‍ശം. ദീര്‍ഘനാളായി കശ്മീരില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടായിരുന്നു. രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വേറിട്ടതാണ് തങ്ങളെന്ന ചിന്ത കശ്മീരില്‍ നിഴലിച്ചിരുന്നു. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതോടെ ആ പ്രശ്‌നം അവസാനിച്ചു. ഇത് മേഖലയില്‍ അഭിവൃദ്ധിക്ക് കാരണമായി.
370-ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ 65 ശതമാനം പോളിങ് രേഖപ്പെടുത്തി. കേന്ദ്രഭരണ പ്രദേശത്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ രൂപവത്കരണവും നടന്നു. പ്രദേശത്തുണ്ടായ അഭിവൃദ്ധി ഇല്ലാതാക്കാന്‍ ശ്രമം നടക്കുകയാണെന്നും പഹൽഗാം ഭീകരാക്രമണം ചൂണ്ടിക്കാട്ടി സൽമാൻ ഖുർശിദ് വ്യക്തമാക്കിയത്.
ജമ്മു കശ്മീരിന് ഭരണഘടനയുടെ 370ാം അനുച്ഛേദം പ്രകാരം നൽകിയ മോദി സർക്കാർ തീരുമാനത്തിനെതിരെ പ്രത്യക്ഷ സമര രംഗത്തുള്ള രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്. ഈ വിഷയത്തിൽ കോൺഗ്രസിനെ മറ്റ് പ്രതിപക്ഷ പാർട്ടികൾ പിന്തുണക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാവായ സൽമാൻ ഖുർശിദ് തന്നെ പാർട്ടി നിലപാടിന് വിരുദ്ധമായി രംഗത്തു വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

