Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘12 വർഷം ഭരിച്ചിട്ടും...

‘12 വർഷം ഭരിച്ചിട്ടും നുഴഞ്ഞു കയറ്റം തടയാനാകാത്തത് ബി.ജെ.പിയുടെ പരാജയം’; ബംഗാളിൽ നുഴഞ്ഞുകയറ്റ വിവാദത്തിൽ ബി.ജെ.പിക്ക് മറുപടിയുമായി സാകേത് ഗോഖലെ

text_fields
bookmark_border
‘12 വർഷം ഭരിച്ചിട്ടും നുഴഞ്ഞു കയറ്റം തടയാനാകാത്തത് ബി.ജെ.പിയുടെ പരാജയം’; ബംഗാളിൽ നുഴഞ്ഞുകയറ്റ വിവാദത്തിൽ ബി.ജെ.പിക്ക് മറുപടിയുമായി സാകേത് ഗോഖലെ
cancel

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ നുഴഞ്ഞുകയറ്റ വിഷയം രാഷ്ട്രീയ ആയുധമാക്കിയ ബി.ജെ.പിക്ക് മറുപടിയുമായി തൃണമൂൽ കോൺഗ്രസ്. സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെയും അവർക്ക് ഒത്താശ ചെയ്യുന്നവരെയും കണ്ടെത്തി ജയിലിലടക്കുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ 12 വർഷത്തെ പരാജയമാണ് ഇതെന്നു ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ രംഗത്തെത്തി. നുഴഞ്ഞുകയറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ഇത് പാർട്ടിയുടെ ഉറപ്പാണെന്നും ബി.ജെ.പി ഔദ്യോഗികമായി എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, കഴിഞ്ഞ 12 വർഷമായി രാജ്യത്തിന്റെ അതിർത്തികൾ മോദി സർക്കാരിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പൂർണ നിയന്ത്രണത്തിലായിരുന്നിട്ടും നുഴഞ്ഞുകയറ്റം തടയാനായില്ലെന്ന് പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്ന് സാകേത് ഗോഖലെ തിരിച്ചടിച്ചു.

സാധാരണക്കാർ ആദായനികുതിയിലോ ബാങ്ക് തിരിച്ചടവിലോ ചെറിയ വീഴ്ച വരുത്തിയാൽ പോലും അന്വേഷണ ഏജൻസികളെ അയക്കുന്ന കേന്ദ്ര സർക്കാർ അതിർത്തി സുരക്ഷയുടെ കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഗോഖലെ ചോദിച്ചു. സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിച്ച് സിറ്റിങ് മുഖ്യമന്ത്രിമാരെ പോലും ജയിലിലടക്കാൻ കാണിക്കുന്ന ആവേശം അതിർത്തി സംരക്ഷിക്കുന്നതിൽ കേന്ദ്രത്തിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിൽ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാനെന്ന പേരിലാണ് കേന്ദ്രം മുമ്പ് നടപടികൾ സ്വീകരിച്ചത്. ഇപ്പോൾ എസ്.ഐ. ആർ നടപടികൾ പൂർത്തിയായിട്ടും വീണ്ടും അതേ നുഴഞ്ഞുകയറ്റ ആരോപണം തന്നെ ബി.ജെ.പി ആവർത്തിക്കുകയാണെന്ന് ഗോഖലെ കുറ്റപ്പെടുത്തി.

ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ നുഴഞ്ഞുകയറ്റം തടയാനാകൂ എന്ന വാദം രാഷ്ട്രീയ പ്രേരിതമാണ്. ജനങ്ങളെ എക്കാലവും കബളിപ്പിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ ധിക്കാരപരമായ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സാകേത് ഗോഖലെ കൂട്ടിച്ചേർത്തു.


സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ രൂപീകരിച്ചാലുടൻ നുഴഞ്ഞുകയറ്റത്തിന് സഹായം നൽകിയവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രധാന വാഗ്ദാനം. രാഷ്ട്രീയ സ്വാധീനമോ പദവിയോ നോക്കാതെ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അനധികൃതമായി രാജ്യത്ത് തുടരുന്നവരെ പുറത്താക്കുമെന്നും ബി.ജെ.പി പറഞ്ഞിരുന്നു.

ബംഗാളിനെ സംബന്ധിച്ചിടത്തോളം നുഴഞ്ഞുകയറ്റവും പൗരത്വവും കാലങ്ങളായി തുടരുന്ന സങ്കീർണമായ രാഷ്ട്രീയ വിഷയങ്ങളാണ്. ബംഗാളിൽ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള എസ്.ഐ.ആർ നടപടികൾ പൂർത്തിയായിട്ടും വീണ്ടും അതേവിഷയം ഉന്നയിക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം കൊയ്യാനാണെന്നാണ് തൃണമൂൽ കോൺഗ്രസ് പക്ഷം വാദിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalinfiltratorsvoter listTrinamool Congesssaket gokhaleassembly electionSIRBJP
News Summary - Saket Gokhale X post on Bengal infiltrators
Next Story