സഹാറ ഡയറി തള്ളി നികുതി കമീഷന്‍
text_fieldsന്യൂഡല്‍ഹി: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബിര്‍ള, സഹാറ എന്നീ കോര്‍പറേറ്റ് കമ്പനികളില്‍നിന്ന് കോടികള്‍ കൈപ്പറ്റിയെന്ന വിവാദത്തില്‍ വഴിത്തിരിവ്. എന്‍ഫോഴ്സ്മെന്‍റ് വിഭാഗം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളാണ് പണം പറ്റിയതിന്‍െറ പ്രധാന തെളിവായി നിന്നത്. എന്നാല്‍, ആദായനികുതി തര്‍ക്കപരിഹാര കമീഷന്‍ ഈ തെളിവുകളുടെ ആധികാരികത തള്ളി.
2014 നവംബറിലെ റെയ്ഡില്‍ പിടിച്ചെടുത്ത കടലാസുകള്‍ തെളിവല്ളെന്ന സഹാറയുടെ വാദം അംഗീകരിച്ച് കമീഷന്‍ അടുത്തയിടെ ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടു സഹാറ ജീവനക്കാര്‍ തമ്മിലുള്ള വഴക്കിനിടയില്‍ നിര്‍മിച്ചെടുത്ത ചില കടലാസുകളാണ് ഇതെന്ന സ്ഥാപനത്തിന്‍െറ വാദം കമീഷന്‍ അതേപടി അംഗീകരിച്ചു. സഹാറയെ കുറ്റവിചാരണയില്‍നിന്നും പിഴയില്‍നിന്നും ഒഴിവാക്കി.
ആദായനികുതിയും പിഴയും ഈടാക്കാന്‍ പരിഗണിക്കേണ്ട തുക 2700 കോടിയില്‍നിന്ന് 137 കോടി മാത്രമായി ചുരുങ്ങിയെന്നതാണ് മറുവശം. റെയ്ഡില്‍ പിടിച്ചെടുത്തത് 137 കോടി രൂപയാണ്. അതിനുമാത്രം നികുതി കൊടുക്കണമെന്ന് വിധിച്ചതിലും അസാധാരണമായ ഇളവുണ്ട്. അതുതന്നെ 12 ഗഡുക്കളായി അടച്ചാല്‍ മതി. സഹാറ അപേക്ഷിച്ചതും അതുതന്നെ.
ആദായ നികുതി കമീഷന്‍െറ ഉത്തരവില്‍ അസാധാരണമായ തിടുക്കവും പ്രകടമാണ്. മൂന്നു തവണമാത്രം വാദം കേട്ടശേഷമാണ് കമീഷന്‍ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. നവംബര്‍ ഏഴിന് അന്തിമ വാദം പൂര്‍ത്തിയാക്കി മൂന്നാം ദിവസം 50 പേജുള്ള വിധി പുറപ്പെടുവിച്ചു. സാധാരണ നിലക്ക് ഒരു കേസില്‍ ഒന്നര വര്‍ഷമെടുക്കാതെ വിധി പറയാറില്ല. ഏറ്റവും ചുരുങ്ങിയ കാലാവധി 10-12 മാസമാണ്. നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് എന്നിവരടക്കം 14 പാര്‍ട്ടികളുടെ 100ഓളം നേതാക്കള്‍ പണം പറ്റിയെന്നു കാണിക്കുന്ന രേഖകളുടെ ആധികാരികത ചോദ്യം ചെയ്യുന്ന സഹാറയുടെ വാദത്തിന് എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തേക്കാള്‍ കമീഷന്‍ വിശ്വാസ്യത കല്‍പിച്ചത് ഏറെ ശ്രദ്ധേയമാണ്. സഹാറ ഡയറി അടിസ്ഥാനപ്പെടുത്തി സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹരജി ഈ മാസം 11ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് പുതിയ വിവരം പുറത്തുവരുന്നത്.
മോദിയെ രക്ഷിക്കാനെന്ന് രാഹുല്‍, കെജ്രിവാള്‍
ന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പിന് ആശ്വാസം നല്‍കി ആദായനികുതി തര്‍ക്കപരിഹാര കമീഷന്‍ പുറപ്പെടുവിച്ച വിധിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ രംഗത്തുവന്നു.
സഹാറക്കാണോ മോദിക്കാണോ കമീഷന്‍ ഉത്തരവ് പരിരക്ഷ നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധിയും കെജ്രിവാളും ചോദിച്ചു. സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ആവശ്യം. അന്വേഷണത്തെ നരേന്ദ്ര മോദി എന്തുകൊണ്ടാണ് ഭയക്കുന്നത്?
അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ മോദി ശ്രമിക്കുന്നതുതന്നെ, പണം പറ്റിയതിന്‍െറ തെളിവാണെന്ന് കെജ്രിവാള്‍ ട്വിറ്ററില്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ സി.ബി.ഐയെ ഉപയോഗിക്കുന്നു. സ്വന്തം കാര്യം വരുമ്പോള്‍ അന്വേഷണമില്ലാതെ പരിരക്ഷ നേടുന്നു. ക്രിമിനല്‍ അന്വേഷണത്തെ തടസ്സപ്പെടുത്തേണ്ട കാര്യമല്ല കമീഷന്‍െറ നിലപാടെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
