യോഗി പ്രചാരണം നടത്തിയ ഭൂരിപക്ഷം സീറ്റുകളിലും ബി.ജെ.പി തോറ്റു
text_fieldsന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചാരണം നട ത്തിയ ഭൂരിപക്ഷം മണ്ഡലങ്ങളിലും ബി.ജെ.പിക്ക് തോൽവി. സ്റ്റാർ കാമ്പയിനറായ യോഗി പ്രചാരണം നടത്തിയ മണ്ഡലങ്ങളിൽ 50 ശതമാനത്തിലും ബി.ജെ.പി തോൽവി രുചിച്ചു. പല സിറ്റിങ് സീറ്റുകളിലും യോഗി ആദിത്യനാഥ് എത്തിയിട്ടും ബി.ജെ.പിക്ക് ജയിക്കാനായില്ല.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ചത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ 70 റാലികളിലാണ് യോഗി പ്രസംഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഇത്രയും റാലികളിൽ സംസാരിച്ചിരുന്നില്ല. മധ്യപ്രദേശിൽ യോഗി പ്രചാരണം നടത്തിയ 21 സീറ്റുകളിൽ 15 എണ്ണത്തിൽ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. രാജസ്ഥാനിൽ യോഗിയെത്തിയ 22 സീറ്റുകളിൽ 11 എണ്ണത്തിൽ മാത്രമാണ് ബി.ജെ.പി ജയിച്ചത്.
ഹിന്ദുത്വ രാഷ്ട്രീയത്തിലും രാമക്ഷേത്രത്തിലും ഉൗന്നിയിരുന്നു യോഗിയുടെ പ്രചാരണം. എന്നാൽ, ഇത്തരം പ്രചാരണങ്ങളെല്ലാം നെഗറ്റീവായാണ് സ്വാധീനിച്ചത്. ബി.ആർ.ഡി മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ മരണം, യു.പിയിലെ ക്രമസമാധാന നിലയുടെ തകർച്ച തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഉയർത്തിയതോടെ യോഗിയുടെയും ബി.ജെ.പിയുടെയും നില പരുങ്ങലിലായി.
നരേന്ദ്ര മോദിക്കൊപ്പം ബി.ജെ.പി ഉയർത്തികാട്ടുന്ന തീവ്രഹിന്ദുത്വ മുഖമാണ് യോഗിയുടേത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ മോദിക്കൊപ്പം യോഗി ആദിത്യനാഥിനെയും പ്രചാരണത്തിൽ സജീവമാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി മുന്നോട്ട് പോകുന്നതിനിടെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് തിരിച്ചടിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
