കലാപമേ വഴിമാറൂ; വിജയനായകൻ വീടണയട്ടെ...
text_fieldsഎൻഗാംഗൗഹൗ മേതേ (വലത്) ട്രോഫി ഏറ്റുവാങ്ങുന്നു
ഇംഫാൽ: വംശീയതയുടെ ‘ഡ്രിബ്ലിങ്ങിൽ’ അസ്വസ്ഥമായ മണിപ്പൂരിൽ ഒരു വിജയനായകനുണ്ട്. ഇന്ത്യയെ കിരീടനേട്ടത്തിലേക്കുനയിച്ച കൗമാര ഫുട്ബാൾ താരം എൻഗാംഗൗഹൗ മേതേ. ഭൂട്ടാനിലെ തിമ്പുവിൽ കഴിഞ്ഞയാഴ്ച സമാപിച്ച സാഫ് അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യയുടെ അഭിമാന ക്യാപ്റ്റനാണ് എൻഗാം. കിരീടവുമായി തിരിച്ചെത്തിയ ഈ മിഡ്ഫീൽഡർക്ക് നാട്ടിലെത്താനായിട്ടില്ല. ഈ മാസം 12ന് കാങ്പോക്പിയിലെത്തി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ് ഇന്ത്യൻ താരം. നാട്ടിലെത്തിയിട്ടും മാതാപിതാക്കളെ കാണാൻ കഴിയാത്തതിൽ ഹൃദയത്തിൽ തട്ടുന്ന സങ്കടമുണ്ടെന്ന് എൻഗാം പറയുന്നു. അമ്മ മറ്റൊരു ദുരിതാശ്വാസ ക്യാമ്പിലാണ്. അച്ഛനാകട്ടെ നാടിന് കാവലിലാണ്.
ഇംഫാൽ നഗരത്തിലെ ഖോങ്സായ് വെങ് പ്രദേശത്തായിരുന്നു എൻഗാമിന്റെ തറവാട്. പരിശീലനത്തിനും മൂത്ത സഹോദരിയുടെ വിദ്യാഭ്യാസത്തിനുമുള്ള സൗകര്യം കണക്കിലെടുത്ത് ഇംഫാലിലെ ഖോങ്സായ് വെംഗിൽ പിതാവ് കപ ലാൽ വീട് വാടകക്കെടുത്തിരുന്നു. ഇവിടെ അക്രമികൾ വീടും സ്കൂട്ടറുമടക്കം നശിപ്പിച്ചു. അമ്മയും രണ്ട് സഹോദരിമാരും അനിയനും പിന്നീട് തെങ്നൗപാലിലെ ക്യാമ്പിലെത്തി. അമ്മയും കൂടപ്പിറപ്പുകളുമുള്ള തെങ്നൗപാലിലേക്ക് കാങ്പോക്പിയിൽ നിന്ന് 25 കിലോമീറ്ററേയുള്ളൂ. എന്നാൽ, ഇംഫാൽ വഴി പോയി ബന്ധുക്കളെ കാണാനുള്ള കഠിനയാത്ര എൻഗാം ഇഷ്ടപ്പെടുന്നില്ല. മേയ് മാസത്തിൽ കലാപം കത്തുന്ന കാലത്ത് അണ്ടർ 16 ടീമിന്റെ സെലക്ഷൻ ട്രയൽസിനായി ഷില്ലോങ്ങിലായിരുന്നു ഈ കൊച്ചുതാരം. ആദ്യഘട്ട സെലക്ഷനിൽ എൻഗാമിനെ പരിഗണിച്ചില്ല. കലാപം കാരണം തിരിച്ച് വീട്ടിൽ പോകാനും കഴിഞ്ഞില്ല.
മുൻ ഇന്ത്യൻ താരവും മണിപ്പൂർ ഫുട്ബാളിലെ പ്രധാനിയുമായ റെനഡി സിങ്ങാണ് രക്ഷകനായത്. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സിലിഗുരിയിലെ വീട്ടിലായിരുന്നു പിന്നീട് താമസിച്ചത്. ശ്രീനഗറിൽ നടന്ന അവസാന ട്രയൽസിലൂടെ എൻഗാം ഇന്ത്യൻ ടീമിലെത്തി. നായകപദവിയും സ്വന്തമാക്കി. അടുത്ത വർഷം നടക്കുന്ന അണ്ടർ 17 എ.എഫ്.സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് വിളി കാത്തിരിക്കുന്ന എൻഗാം ദുരിതാശ്വാസ ക്യാമ്പിൽ ചെറുതായി പരിശീലനം തുടങ്ങിയിട്ടുണ്ട്. കാങ്പോക്പിയിൽനിന്ന് നാഗാലാൻഡിലെ ധിമാപൂരിലേക്ക് ധൈര്യത്തോടെ യാത്ര ചെയ്യാമെന്നതിനാൽ ഇന്ത്യൻ ക്യാമ്പിലേക്ക് പോകുന്നതിന് ഈ താരത്തിനുമുന്നിൽ തടസ്സങ്ങളില്ല. വമ്പൻ കലാപത്തിനാണ് മണിപ്പൂർ ഇരയായതെന്നും സമാധാനത്തിനായി കാത്തിരിക്കുകയാണെന്നും എൻഗാംഗൗഹൗ മേതേ പറഞ്ഞു.
അണ്ടർ 16 ഇന്ത്യൻ ടീമിൽ മണിപ്പൂരിൽ നിന്നുള്ള 16 താരങ്ങളുണ്ടായിരുന്നു. സംസ്ഥാനത്ത് കൊമ്പുകോർക്കുന്ന മെയ്തേയികളുടെയും കുക്കികളുടെയും കുഞ്ഞുമക്കൾ ഒരുമിച്ചുനിന്നാണ് കാൽപന്തുകളത്തിൽ രാജ്യത്തിന് കിരീടം നേടിക്കൊടുത്തത്. 11 മെയ്തേയികളും നാല് കുക്കികളുമുൾപ്പെടുന്നതായിരുന്നു എൻഗാം നയിച്ച ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

