ഗാന്ധിപ്രതിമക്കുനേരെ വെടിയുതിർത്ത ‘ലേഡി ഗോദ്സെ’ കൊലപാതകക്കേസിൽ പ്രതി
text_fieldsന്യൂഡൽഹി: ആറു വർഷം മുമ്പ്, ഗാന്ധി പ്രതിമക്കുനേരെ വെടിയുതിർത്ത ഹിന്ദുത്വ പ്രവർത്തക പൂജ ശകുൻ പാണ്ഡെയെ ഓർമയില്ലേ? വിദ്വേഷ പ്രസംഗങ്ങളിലൂടെയും മുസ്ലിം വംശഹത്യാഹ്വാനങ്ങളിലൂടെയും ‘ലേഡി ഗോദ്സെ’ എന്നറിയപ്പെട്ട പൂജ എന്ന സ്വാധ്വി അന്നപൂർണ ഇപ്പോൾ വാർത്തയിൽ ഇടംപിടിച്ചിരിക്കുന്നത് യു.പിയിലെ ഹാഥറസിൽ നടന്ന ഒരു കൊലപാതകത്തിന്റെ പേരിലാണ്.
സെപ്റ്റംബർ 26ന് ഹാഥറസിലെ ബൈക്ക് ഷോ റൂം ഉടമയായ അഭിഷേക് ഗുപ്ത എന്നയാളാണ് കൊല്ലപ്പെട്ടത്. വൈകീട്ട്, ഷോറൂം അടച്ച് വീട്ടിലേക്ക് മടങ്ങാനായി ബസ് കാത്തുനിൽക്കുകയായിരുന്നു അഭിഷേകും പിതാവും ബന്ധുവും. പിതാവും ബന്ധുവും ബസിൽ കയറിയെങ്കിലും അഭിഷേകിനെ ബൈക്കിലെത്തിയ രണ്ടുപേർ തടഞ്ഞു വെടിയുതിർത്തു. അഭിഷേക് സംഭവ സ്ഥലത്തുതന്നെ മരിച്ചു. അക്രമികൾ രക്ഷപ്പെടുകയും ചെയ്തു. സംഭവം അന്വേഷിച്ച പൊലീസ് അക്രമികളിൽ ഒരാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇയാളും പൂജയും 39 തവണ ഫോണിൽ ബന്ധപ്പെട്ടതായി തെളിഞ്ഞതോടെയാണ് കേസിൽ വഴിത്തിരിവായത്. പൂജയുടെ നിരഞ്ജനി അഖാരയിലെ തൊഴിലാളിയാണ് അക്രമിയെന്ന് തെളിഞ്ഞിട്ടുണ്ട്. പൂജയുടെ ഭർത്താവും അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ വക്താവുമായ അശോക് പാണ്ഡെ കഴിഞ്ഞദിവസം അറസ്റ്റിലായി. കേസിൽ പ്രതിചേർക്കപ്പെട്ട പൂജ ഒളിവിലാണിപ്പോൾ.
അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ജനറൽ സെക്രട്ടറിയായ പൂജ 2019ൽ ഗാന്ധി പ്രതിമക്കുനേരെ വെടിയുതിർക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്നാണ് അവർക്ക് ലേഡി ഗോദ്സെ എന്ന വിശേഷണം വന്നത്. 2021ൽ, മുസ്ലിംകളെ തെരഞ്ഞുപിടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തതിന് ഇവർ അറസ്റ്റിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

