യു.പിയിൽ സന്യാസിമാർക്കെല്ലാം അമ്മ ജാനകി; എസ്.ഐ.ആറിൽ തള്ളുമോ എന്ന് ബി.ജെ.പിക്ക് ആശങ്ക
text_fieldsന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) ഉത്തർപ്രദേശിൽ നടപ്പാക്കുമ്പോൾ ലൗകിക ബന്ധങ്ങളൊക്കെ ഉപേക്ഷിച്ച് ആത്മീയജീവിതം നയിക്കുന്ന സന്യാസിമാരുടെ പേര് വെട്ടിപ്പോകുമോ എന്ന് ബി.ജെ.പിക്ക് ആശങ്ക. ഇതുമൂലം മറ്റൊരു പാർട്ടിയും നേരിടാത്ത പ്രശ്നക്കുരുക്കിലാണ് ബി.ജെ.പി. മിക്ക സന്യാസിമാരും അമ്മയുടെ പേര് ജാനകി എന്ന് എന്യൂമറേഷൻ ഫോമിൽ പൂരിപ്പിച്ചതാണ് ആശങ്കയുടെ കാരണം.
ശ്രീരാമന്റെ പത്നി സീതയുടെ മറ്റൊരു പേരാണ് ജാനകി. ലൗകിക ബന്ധങ്ങളൊക്കെ ഉപേക്ഷിച്ച് ആത്മീയ ജീവിതം നയിക്കുന്ന സന്യാസിമാർ എന്യൂമറേഷൻ ഫോം പൂരിപ്പിക്കുമ്പോൾ യഥാർഥ അമ്മമാരുടെ പേര് ചേർക്കാതിരുന്നാൽ വോട്ടർ പട്ടികയിൽ ഇടം കിട്ടാതെ വരുമെന്നതാണ് ബി.ജെ.പിയെ അലട്ടുന്നത്.
വാരണാസി, അയോധ്യ, മഥുര, വൃന്ദാവൻ എന്നിങ്ങനെ ക്ഷേത്ര നഗരങ്ങൾ അനവധിയുള്ള സംസ്ഥാനത്ത് അമ്മയുടെ പേരിന്റെ പേരിൽ സന്യാസിമാർ ഒഴിവാക്കപ്പെടാതിരിക്കാനാണ് തീവ്രശ്രമം. വിവിധ വിഭാഗങ്ങളിൽ പെടുന്ന സന്യാസിമാരുടെ എണ്ണം അയോധ്യയിൽ മാത്രം 16,000 ഉണ്ടെന്നാണ് കണക്ക്. അയോധ്യയിൽ മുൻ ബി.ജെ.പി എം.പിയും വി.എച്ച്.പി നേതാവുമായ റാം വിലാസ് വേദാന്തിയും ഫോമിൽ അമ്മയുടെ പേര് ജാനകി എന്നാണ് പൂരിപ്പിച്ച് നൽകിയിരിക്കുന്നത്.
മിക്ക സന്യാസിമാരും ആ പേര് നൽകുമ്പോൾ മറ്റ് ചിലർ ശ്രീരാമന്റെ അമ്മയായ കൗസല്യയുടെ പേരും നൽകാറുണ്ട്. പേരിന്റെ കോളം ശൂന്യമായി വിടരുതെന്ന് ബി.ജെ.പി അവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സന്യാസിമാരും സാധുമാരും പിതാവിന്റെ പേരിന്റെ കോളത്തിൽ തങ്ങളുടെ ആത്മീയ ഗുരുവിന്റെ പേരാണ് നൽകാറുള്ളത്. കുടുംബജീവിതവും ലൗകിക ബന്ധങ്ങളും ഉപേക്ഷിച്ച ഗുരുവിന്റെ പേര് പിതാവിന്റെ പേരായി കൊടുക്കുന്ന അവർ, മാതാവിന്റെ പേര് പൂരിപ്പിക്കാതെ ശൂന്യമായി വിടാറാണ് പതിവ്. എന്യൂമറേഷൻ ഫോമിൽ പിതാവിന്റെ പേരില്ലെങ്കിലും കുഴപ്പമില്ല, മാതാവിന്റെ പേര് നിർബന്ധമായും നൽകണം.
അമ്മയുടെ പേര് ഉൾപ്പെടെ അടിസ്ഥാന വിവരങ്ങൾ ഫോമിൽ ചേർത്തില്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടുമെന്ന് കരുതുന്നതായി അയോധ്യയിലെ മുതിർന്ന പ്രാദേശിക ബി.ജെ.പി നേതാവ് ആശങ്ക പങ്കുവെച്ചു. അത് പാർട്ടിക്ക് വലിയ തോതിൽ ദോഷം ചെയ്യുമെന്ന് പാർട്ടിക്ക് ബോധ്യമുണ്ട്. 16,000 സന്യാസിമാർ ഉണ്ടെന്ന് കണക്കാക്കുന്ന അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അനുഭവമാണ് ബി.ജെ.പിയുടെ ഈ ആശങ്കക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

