ഡൽഹിയിലെ തുഗ്ലക് ലൈനിന്റെ പേര് മാറ്റണം; ആവശ്യവുമായി സദ്ഗുരു
text_fieldsസദ്ഗുരു ജഗ്ഗി വാസുദേവ്
ന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ ഡൽഹി 'തുഗ്ലക് ലൈൻ' തെരുവിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സദ്ഗുരു ജഗ്ഗി വാസുദേവ്. ഡൽഹി സർക്കാരിന്റെ ടൂറിസം വകുപ്പ് അക്ഷർധാം ക്ഷേത്രത്തിൽ സംഘടിപ്പിച്ച 'സ്പിരിച്വൽ ആൻഡ് ഹെറിറ്റേജ് ടൂറിസം കോൺക്ലേവ് 2026' ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവെച്ചത്.
വിനാശകരമായ തീരുമാനങ്ങളിലൂടെയും പരാജയപ്പെട്ട ഭരണപരിഷ്കാരങ്ങളിലൂടെയും അറിയപ്പെടുന്ന മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ പേര് തലസ്ഥാനത്തെ പ്രധാന തെരുവിന് നൽകിയിരിക്കുന്നത് അനുചിതമാണെന്ന് സദ്ഗുരു ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്നതും പ്രചോദനാത്മകവുമായ പേരുകളാവണം ഇത്തരം ചരിത്രപ്രാധാന്യമുള്ള തെരുവുകൾക്ക് നൽകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡൽഹിയെ ഒരു പ്രമുഖ സാംസ്കാരിക-ആത്മീയ ടൂറിസം കേന്ദ്രമായി ഉയർത്തിക്കാട്ടുന്നതിനായി ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ സാന്നിധ്യത്തിലാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. നഗരത്തിലെ പ്രമുഖ ആത്മീയ-ചരിത്ര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ നാല് ടൂറിസം സർക്യൂട്ടുകളും ചടങ്ങിൽ വെച്ച് പുറത്തിറക്കി.
നേരത്തെ, ഡൽഹിയിലെ വി.ഐ.പി മേഖലയിലുള്ള തുഗ്ലക് റോഡിന്റെ ഒരു ഭാഗം മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ നാമധേയത്തിൽ 'എ.പി.ജെ. അബ്ദുൽ കലാം മാർഗ്' എന്ന് പുനർനാമകരണം ചെയ്തിരുന്നു. സദ്ഗുരുവിന്റെ പുതിയ പരാമർശത്തോടെ തലസ്ഥാനത്തെ തെരുവുകളുടെ പേരുമാറ്റത്തെച്ചൊല്ലിയുള്ള ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്.
അധിനിവേശത്തിന്റെയും ക്രൂരതയുടെയും ഓർമപ്പെടുത്തലുകളായ പേരുകൾ മാറ്റണമെന്ന വാദം മുമ്പും പലകോണുകളിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഔറംഗസീബ് റോഡ് 'എ.പി.ജെ. അബ്ദുൽ കലാം മാർഗ്' എന്നും, റേസ് കോഴ്സ് റോഡ് 'ലോക് കല്യാൺ മാർഗ്' എന്നും, രാജപഥ് 'കർത്തവ്യപഥ്' എന്നും മുൻപ് പുനർനാമകരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

