പെരുന്നാൾദിനത്തിൽ നോവായി സൈനുദ്ദീന്റെ വിയോഗവാർത്ത
text_fieldsകൊച്ചി: പ്രിയ സൈനികന്റെ ചേതനയറ്റ ശരീരം ഇന്ന് ലക്ഷദ്വീപ് ഏറ്റുവാങ്ങും. ആന്ത്രോത്തിൽ അന്ത്യവിശ്രമത്തിനായി മണ്ണൊരുങ്ങുമ്പോൾ, ധീരനായ തങ്ങളുടെ സൈനുദ്ദീന് നാട് അവസാന സല്യൂട്ടേകും. സിക്കിമിലെ മണ്ണിടിച്ചിലിൽ കാണാതായ സൈനികൻ പി.കെ. സൈനുദ്ദീന്റെ മൃതദേഹം ശനിയാഴ്ചയാണ് കണ്ടെത്തിയത്. ഏതാനും നാളുകൾക്ക് മുമ്പ് ലീവിനെത്തി യാത്രചൊല്ലി മടങ്ങിയ സൈനുദ്ദീൻ അപകടത്തിൽപെട്ടെന്നറിഞ്ഞെങ്കിലും, ജീവനോടെ തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു നാട്. ശുഭവാർത്തക്കായി കാത്തിരുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നാടിനും വേദനയായി പെരുന്നാൾ ദിനത്തിലാണ് മൃതദേഹം ലഭിച്ചെന്ന ദുഖഃവാർത്തയെത്തിയത്.
ധീരസൈനികന് ദ്വീപ് ഇന്ന് അവസാന സല്യൂട്ട് നൽകുംകുടുംബാംഗങ്ങളെ സഹപ്രവർത്തകരായ സൈനിക ഉദ്യോഗസ്ഥർ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് തിങ്കളാഴ്ച ലക്ഷദ്വീപിൽ മൃതദേഹമെത്തിക്കുമെന്ന് അറിയിച്ചതായി ബന്ധുവായ കുഞ്ഞിക്കോയ പറഞ്ഞു. ഞായറാഴ്ച ആർമി ഉദ്യോഗസ്ഥർ സൈനുദ്ദീന്റെ വീട്ടിലെത്തിയിരുന്നു. മൃതദേഹം എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മുൻകൂട്ടി തീരുമാനിക്കുന്നതിന്റെ കൂടി ഭാഗമായിരുന്നു സന്ദർശനം. ആന്ത്രോത്ത് സ്വദേശി മുഹമ്മദിന്റെയും മുത്തുബീയുടെയും മകനാണ് സൈനുദ്ദീൻ. ആർമി 12 മദ്രാസ് യൂനിറ്റിന്റെ ഭാഗമായിരുന്നു. റഫ്ഖാന ബീഗമാണ് ഭാര്യ. മൂന്നുവയസ്സുകാരി ഷെഹ്ലിമയാണ് മകൾ. സൈനുദ്ദീനെ മണ്ണിടിച്ചിലിൽ കാണാതായെന്ന വിവരം അറിയുമ്പോൾ കോഴിക്കോടായിരുന്ന മാതാപിതാക്കൾ ഇതോടെ ലക്ഷദ്വീപിലെത്തി. ആന്ത്രോത്ത് രിഫാഈ മസ്ജിദ് ഖബർസ്ഥാനിലായിരിക്കും ഖബറടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

