സചിൻ പൈലറ്റിനെ കേന്ദ്രനേതൃത്വത്തിൽ എത്തിക്കുമെന്ന് സൂചന; ചിദംബരവുമായി സംസാരിച്ചു
text_fieldsന്യൂഡൽഹി: വിമതനേതാവ് സചിൻ പൈലറ്റിനെ കേന്ദ്രനേതൃത്വത്തിലേക്ക് എത്തിച്ച് രാജസ്ഥാൻ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ നീക്കം. സചിൻ പൈലറ്റിനെ കേന്ദ്രനേതൃത്വത്തിലേക്ക് ഉൾപ്പെടുത്തുന്നതിെൻറ സാധ്യതകൾ പരിശോധിക്കുമെന്ന് മുതിർന്ന നേതാവ് പി. ചിദംബരം സൂചന നൽകി.
രാജസ്ഥാൻ കോൺഗ്രസ് മന്ത്രിസഭയിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ സചിൻ പൈലറ്റ് ചിദംബരവുമായി ഫോണിൽ സംസാരിച്ചിരുന്നു. തന്നെയും 18 വിമത എം.എൽ.എമാരെയും അയോഗ്യരാക്കിയ നടപടിക്കെതിരെ സചിൻ രാജസ്ഥാൻ ഹൈകോടതിയെ സമീപിച്ചതിന് ശേഷമാണ് പുതിയ നീക്കം.
മുതിർന്ന നേതാവിെൻറ അഭിപ്രായം അറിയാനായി സചിൻ ചിദംബരവുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി അസ്യാരസ്യങ്ങൾ ഉടലെടുത്തതോടെ പ്രിയങ്ക ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കൾ സചിനുമായി സംസാരിച്ചിരുന്നു. എന്നാൽ സചിൻ പൈലറ്റ് വഴങ്ങിയിരുന്നില്ല. ആദ്യമായാണ് സചിൻ പൈലറ്റ് കോൺഗ്രസിെൻറ മുതിർന്ന നേതാക്കളിലൊരാളോട് അഭിപ്രായം ആരായുന്നത്.
കോൺഗ്രസ് നേതൃത്വം സചിനെ ചർച്ചക്കായി വിളിക്കുമെന്നും പ്രശ്നങ്ങൾ അവിടെ തീർക്കാമെന്നും ഈ അവസരം പ്രയോജനപ്പെടുത്താൻ ഉപദേശം നൽകിയതായും ചിദംബരം പറഞ്ഞു. സചിൻ പൈലറ്റും വിമത എം.എൽ.എമാരും നടത്തിയ നീക്കം അടഞ്ഞ അധ്യായമാണെന്നും പിരിച്ചുവിട്ട നടപടി ‘സാങ്കേതികത്വം’ മാത്രമാണെന്നും ചിദംബരം പറഞ്ഞതായാണ് വിവരം.
തുടർച്ചയായ രണ്ടാംവട്ടവും രാജസ്ഥാൻ നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കാത്തതിലും ബി.ജെ.പിയുമായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്നും സചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുകയും 18 എം.എൽ.എമാരെ ഉൾപ്പെടെ അയോഗ്യരാക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നും സചിനെ നീക്കിയിരുന്നു. അയോഗ്യരാക്കിയ നടപടിക്കെതിരെ സചിൻ രാജസ്ഥാൻ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
