ന്യൂഡൽഹി: രാജസ്ഥാനിൽ പുതിയ കോൺഗ്രസ് പ്രസിഡൻറായി ചുമതലയേറ്റ ഗോവിന്ദ് സിങ് ടോട്ടസ്റക്ക് അഭിനന്ദവും ഉപദേശവുമായി, വിമത കോൺഗ്രസ് എം.എൽ.എ സചിൽ പൈലറ്റ്. പക്ഷപാതമില്ലാതെ പ്രവർത്തിക്കുന്നയാളായിരിക്കട്ടെ പുതിയ പ്രസിഡെൻറന്ന് ഉപദേശവുമായാണ് സചിൻ പൈലറ്റ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
‘‘ നേതൃസ്ഥാനത്തേക്ക് എത്തുന്ന ഗോവിന്ദ് സിങ് ടോട്ടസ്റക്ക് അഭിനന്ദനങ്ങൾ. പക്ഷപാതപരമായി നീങ്ങാതെയും സമ്മർദ്ദത്തിന് അടിമപ്പെടാതെയും മുന്നോട്ടുപോവാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. സർക്കാർ രൂപീകരിക്കാനായി കഠിന പ്രയത്നം നടത്തിയ സാധാരണ കോൺഗ്രസ് പ്രവർത്തകരെ വിശ്വാസത്തിലെടുക്കാൻ അേദ്ദഹത്തിന് കഴിയട്ടെ’’- സചിൻ കുറിച്ചു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടുമായുള്ള തർക്കം രൂക്ഷമായതോടെ പാർട്ടിയിൽ വിമത നീക്കം നടത്തിയ സച്ചിൻ പൈലറ്റിനെ ജൂലായ് 14ന് പാർട്ടി പ്രസിഡൻറ്, ഉപ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. തൊട്ടുപിന്നാലെ ചേർന്ന കോൺഗ്രസ് നേതൃയോഗത്തിൽ ഗോവിന്ദ് സിങ്ങിനെ പി.സി.സി പ്രസിഡൻറായി നിയമിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു.