ശബരിമല യുവതീപ്രവേശനം: 14ന് നിലപാടറിയിക്കണം
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിയിൽ ഉയർന്നുവന്ന ഭരണഘടനാ വിഷയങ്ങളിൽ ഒമ്പതംഗ ഭരണഘടന ബെഞ്ച് ഏപ്രിൽ ഏഴുമുതൽ 22 വരെ വിശദ വാദം കേൾക്കും. വാദത്തിന് മുന്നോടിയായി മാർച്ച് 14നകം എല്ലാ കക്ഷികളും നിലപാട് വ്യക്തമാക്കി തങ്ങളുടെ വാദമുഖങ്ങൾ എഴുതിസമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു. ഇതുവരേക്കും പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിനൊപ്പമാണ് തങ്ങളെന്ന കാര്യം സാന്ദർഭികമായി ബെഞ്ചിനെ ഓർമപ്പെടുത്തിയ സംസ്ഥാന സർക്കാർ, പുതിയ നിലപാട് അറിയിച്ചില്ല. അതേസമയം സ്ത്രീപ്രവേശനത്തിനെതിരാണ് തങ്ങളെന്ന് കേന്ദ്രസർക്കാർ ബെഞ്ചിനെ അറിയിക്കുകയും ചെയ്തു. ഏഴ് വർഷത്തിന് ശേഷമാണ് ശബരിമല കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്.
കെ. പരമേശ്വർ അമിക്കസ് ക്യൂറി
യുവതീപ്രവേശന വിധി ചോദ്യംചെയ്യുന്ന കക്ഷികളുടെ വാദത്തിന് ഏപ്രിൽ ഏഴുമുതൽ ഒമ്പതുവരെയും യുവതീ പ്രവേശനത്തിനുള്ള വിധിയെ അനുകൂലിച്ച് പുനഃപരിശോധന ഹരജികളെ എതിർക്കുന്നവരുടെ വാദത്തിന് ഏപ്രിൽ 14 മുതൽ 16 വരെയും സമയം അനുവദിച്ചു. തന്ത്രിയുടെ അഭിഭാഷകൻ കൃഷ്ണകുമാർ സിംഗിനെ ഹരജിക്കാരുടെ നോഡൽ അഭിഭാഷകനായി നിശ്ചയിച്ചു. ഏപ്രിൽ 21ാടെ അമിക്കസ് ക്യൂറിയുടെ വാദവും കഴിഞ്ഞ് മറുപടി സത്യവാങ്മൂലങ്ങൾ സമർപ്പിച്ച് ഏപ്രിൽ 22ന് ഭരണഘടന വിഷയങ്ങൾ വിധിപറയാനായി മാറ്റിവെക്കും. സുപ്രീംകോടതിയിലെ മുതിർന്ന മലയാളി അഭിഭാഷകൻ കെ. പരമേശ്വറിനെ കേസിൽ അമിക്കസ് ക്യൂറിയായി അഡ്വ. ശിവം സിങ്ങിനെ അദ്ദേഹത്തിന് സഹായിയായും സുപ്രീംകോടതി നിയമിച്ചു.
ഏഴ് ചോദ്യങ്ങൾക്ക് പുറമെയുള്ള നിയമപ്രശ്നങ്ങളും പരിശോധിക്കും
ഭരണഘടനാ വിഷയങ്ങളുടെ പരിശോധനക്കായി നേരത്തെ സുപ്രീംകോടതി നിർണയിച്ച എഴ് ചോദ്യങ്ങൾക്ക് പുറമെ വരുന്ന നിയമപ്രശ്നങ്ങളും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുസ്ലിം സ്ത്രീകളുെട പള്ളി പ്രവേശവും ബോറ സമുദായത്തിലെ പെൺചേലാകർമവും അടക്കം വിവിധ മതങ്ങളുടെ വിഷയം ഒന്നിച്ചുപരിഗണിക്കണം എന്ന് അഭിഭാഷകർ ആവശ്യപ്പെട്ടപ്പോൾ, പഴയ ഒമ്പതംഗ ബെഞ്ചിൽ ഇപ്പോൾ ബാക്കി താൻ മാത്രമാണെന്നും കോവിഡ് കാരണമാണ് നേരത്തെ വാദംകേൾക്കൽ മുടങ്ങിയതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

