ശബരിമല: പാർലമെൻറിൽ കോൺഗ്രസ് എം.പിമാരുടെ പ്രതിഷേധം തടഞ്ഞ് സോണിയ
text_fieldsന്യൂഡൽഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ കേരളത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കരിദിനം ആചരിച്ച് പാര്‍ലമെന്‍റിൽ എം.പിമാർ കറുത്ത ബാൻഡ് ധരിക്കുന്നത് തടഞ്ഞ് സോണിയാ ഗാന്ധി. കേരളത്തില്‍നിന്നുള്ള എം.പിമാരാണ് ബുധനാഴ്ച പാര്‍ലമെന്‍റില്‍ കറുത്ത റിബ്ബണ്‍ വിതരണം ചെയ്തത്. എന്നാല്‍ ഈ നീക്കം ശ്രദ്ധയില്‍ പെട്ടതോടെ ‘ലിംഗ സമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും’ വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് ചൂണ്ടിക്കാട്ടി സോണിയ തടയുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രാദേശിക രാഷ്ട്രീയത്തിന്‍റെ ഭാഗമായി കേരളത്തില്‍ പ്രതിഷേധം തുടരാം. എന്നാല്‍ ദേശീയ തലത്തില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ എം.പിമാര്‍ പ്രതിഷേധിക്കരുതെന്നും അത് ലിംഗ സമത്വത്തിനായുള്ള കോൺഗ്രസ് നിലപാടിന് എതിരാണെന്നും സോണിയ പറഞ്ഞു.
തുടർന്ന് ഇവർ കറുത്ത ബാൻഡ് ധരിച്ച് പാർലമെൻറിന് മുന്നിൽ പ്രതിഷേധിച്ചു. കേരളത്തില്‍നിന്ന് ഏഴ് എം.പിമാരാണ് കോണ്‍ഗ്രസിന് ലോക്സഭയിലുള്ളത്.
ശബരിമലയിൽ യുവതികൾ സന്ദർശനം നടത്തിയതിനെതിരെ കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്നലെ കരിദിനമാചരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇവര്‍ പാര്‍ലമെന്‍റില്‍ കറുത്ത റിബ്ബണ്‍ വിതരണം ചെയ്തത്. ദേശീയ തലത്തില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തെ പിന്തുണക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
