ശബരിമല തീർഥാടനം: ആദ്യഘട്ടത്തിൽ 3500 പൊലീസുകാർ
text_fieldsപത്തനംതിട്ട: ശബരിമല മണ്ഡല-മകര വിളക്ക് സീസണിൽ ആദ്യഘട്ടത്തിൽ സുരക്ഷക്കായി 3,500 പൊലീസുകാർ. സന്നിധാനത്തും നിലയ്ക്കലും പമ്പയിലും സ്പെഷൽ ഓഫിസർമാരുടെ നേതൃത്വത്തിൽ ആറ് ഘട്ടമായിട്ടാണ് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ഇതിനൊപ്പം സന്നിധാനം, നിലയ്ക്കൽ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ താൽക്കാലിക പൊലീസ് സ്റ്റേഷനുകളും പ്രവർത്തനം തുടങ്ങി. പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ പ്രത്യേക കൺട്രോൾ റൂമുകളും ഒരുക്കിയിട്ടുണ്ട്. ഇതിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പത്തനംതിട്ട ജില്ല പോലീസ് മേധാവിയുടെ സമുച്ചയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം തുറന്നു.
പമ്പയിലും സന്നിധാനത്തും നിലയ്ക്കലുമായി സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 100 സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. പത്തനംതിട്ട- പമ്പ റൂട്ടിൽ പ്ലാപ്പള്ളി മുതൽ പെരുനാട് വരെയും പെരുനാട് മുതൽ മണ്ണാകുളഞ്ഞി വരെയും 24 മണിക്കൂറും മൊബൈൽ പട്രോളിങും നടത്തും. ഗതാഗത നിയന്ത്രണത്തിനായി 320 സ്പെഷൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. സ്ഥിരം അപകടമേഖലയായ വിളക്കുവഞ്ചിയിൽ ഉൾപ്പെടെ 10ഓളം പൊലീസ് എയ്‌ഡ് പോസ്റ്റും ക്രമീകരിച്ചു.
ദർശനത്തിനെത്തുന്ന കട്ടികൾ വഴിതെറ്റിയാൽ വേഗത്തിൽ കണ്ടെത്താനായി പമ്പയിൽ ഫോറസ്റ്റ് എയ്‌ഡ് പോസ്റ്റിന് മുന്നിലായി റിസ്റ്റ് ബാൻഡ് ധരിപ്പിക്കാൻ പ്രത്യേക സൗകര്യവും ഏർപ്പെടുത്തി. 15 സീറ്റിൽ താഴെയുള്ള വാഹനങ്ങൾക്ക് പമ്പയിലേക്ക് പ്രവേശനമുണ്ടെങ്കിലും ഭക്തരെ ഇറക്കിയശേഷം ഇവ മടങ്ങിയെത്തി നിലയ്ക്കലിലെ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും ഒരോ അഞ്ച് മിനിറ്റ് ഇടയിലും കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തും. പന്തളത്ത് 70 ഓളം സ്പെഷൽ ഓഫിസർമാരെയും നിയോഗിച്ചിട്ടുണ്ട്. ഇവിടെ എയ്‌ഡ് പോസ്റ്റും തുറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

