‘ഭീകരതയോട് ലോകം ഒരു വിട്ടുവീഴ്ചയും കാണിക്കരുത്’; ഒറ്റവരി സന്ദേശവുമായി വിദേശകാര്യ മന്ത്രി
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലും പാക്കധീന കശ്മീരിലുമുള്ള ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപറേഷൻ സിന്ദൂറിന് പിന്നാലെ ഒറ്റവരി സന്ദേശവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഭീകരതയോട് ലോകം ഒരു വിട്ടുവീഴ്ചയും കാണിക്കരുതെന്ന് മന്ത്രി ഔദ്യോഗിക എക്സ് ഹാൻഡിലിൽ കുറിച്ചു. അതേസമയം ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനത്തിന്റെ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാബിനറ്റ് യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബുധനാഴ്ച അർധരാത്രി നടത്തിയ ആക്രമണത്തിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ സേന തകർത്തത്. 70ലേറെ ഭീകരർ കൊല്ലപ്പെട്ടു. ഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ, കേണൽ സോഫിയ ഖുറേഷി, വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ ചേർന്ന് സൈനിക നടപടികൾ വിശദീകരിച്ചു. വൻതോതിലുള്ള നാശം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങൾ വരെ തെരഞ്ഞെടുത്തത്.
സ്കാൽപ് മിസൈലുകളും ഹാമ്മർ ബോംബുകളുമാണ് ഭീകരതാവളങ്ങൾ തകർക്കാൻ ഇന്ത്യൻ സേന ഉപയോഗിച്ചത്. 450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതാണ് റഫാലില്‍നിന്നു തൊടുക്കുന്ന സബ്‌സോണിക്ക് സ്‌കാല്‍പ് മിസൈലുകള്‍. സമുദ്രനിരപ്പിൽനിന്ന് 4,000 മീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ വരെ തകര്‍ക്കാന്‍ സ്കാൽപ് മിസൈലുകൾക്കു ശേഷിയുണ്ട്. ഇന്ത്യൻ വ്യോമമേഖലയിൽനിന്നാണ് പാക് മണ്ണിലേക്ക് സേന മിസൈലുകൾ പ്രയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

