"രക്ഷപ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നില്ല"; കാട്ടിലേക്ക് തന്നെ തിരികെ പോകാൻ അനുമതി തേടി കർണാടകയിൽ ഗുഹയിൽ നിന്ന് രക്ഷിക്കപ്പെട്ട റഷ്യൻ യുവതി
text_fieldsമുംബൈ: തങ്ങളെ രക്ഷപ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്ന് കർണാടക പൊലീസ് വനത്തിനുളളിലെ ഗുഹയിൽ നിന്ന് രക്ഷപ്പെടുത്തിയ റഷ്യൻ വനിത. തിരികെ കാട്ടിലേക്ക് തന്നെ പോകാൻ അനുവദിക്കണമെന്ന് അവർ ഇന്ത്യ ഗവൺമെന്‍റിനോട് അഭ്യർഥിച്ചു. തിരികെ റഷ്യയിലേക്ക് പോകുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് കാരണം കാണിച്ചാണ് ഇവർ ഇന്ത്യയിൽ തങ്ങുന്നതിന് അനുമതി ചോദിച്ചിരിക്കുന്നത്.
റഷ്യക്കാരിയായ നിനാ കുടിന (40), ഏഴു മാസം പ്രായമായ മകൾ പ്രേമ, നാല് വയസ്സുകാരി അമ എന്നിവരെയാണ് ജൂലൈ 11ന് ഉൾഗ്രാമമായ രാമതീർഥ മലയിലെ അപകടകരമായ ഗുഹയിൽ നിന്ന് കണ്ടെത്തിയത്. ഗോവയിൽ നിന്ന് ഗോകർണയിലെത്തിയ ഇവർ, നഗരത്തിലെ ബഹളത്തിൽ നിന്ന് മാറി ധ്യാനത്തിനു വേണ്ടിയാണ് ഗുഹയിൽ താമസിച്ചതെന്നാണ് കണ്ടെത്തുന്ന സമയത്ത് പൊലീസിനോടു പറഞ്ഞത്.
നിലവിൽ കർവാറിലുള്ള കർണാടക വനിതാ-ശിശു വികസന വകുപ്പിന്റെ വിമൻസ് റിസപ്ഷനിൽ പാർപ്പിച്ചിരിക്കുകയാണ്. സമാധാനത്തിനു വേണ്ടി എഴുതുന്ന സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ തിരികെ പോയാൽ തനിക്കും കുടുംബത്തിനും നേർക്ക് കടുത്ത നടപടികൾ ഉണ്ടാകുമെന്ന് നിന ഭയക്കുന്നു. തങ്ങളെ ഗുഹയിൽ തന്നെ ജീവിക്കുന്നതിന് അനുവദിക്കുക അല്ലെങ്കിൽ തങ്ങൾ തന്നെ തിരഞ്ഞെടുക്കുന്ന രാജ്യത്തേക്ക് പോകാൻ സഹായം നൽകുക എന്നതാണ് യുവതിയുടെ ആവശ്യം.
2017ൽ ഇന്ത്യയിൽ ബിസിനസ് വിസയിൽ എത്തിയതാണെന്നാണ് ഇവരുടെ പാസ്പോർട്ട് പരിശോധിച്ച പൊലീസ് കണ്ടെത്തിയത്. 2018 ഏപ്രിലിൽ ഇവർക്ക് തിരിച്ചുപോകാനുള്ള അനുമതി നൽകിയിരുന്നു. അന്ന് നേപ്പാളിലേക്കു പോയ ഇവർ പിന്നീട് 2018 സെപ്റ്റംബറിൽ തിരിച്ചെത്തി.
2016ലാണ് നിന ആദ്യമായി ഇന്ത്യയിലെത്തുന്നത്. ആത്മീയ ജീവിതത്തോടുള്ള ആഭിമുഖ്യം കാരണം ഇവർ ഗോവയിലെ ആരമ്പോൽ വനത്തിൽ 2017ൽ 9 മാസം ജീവിച്ചു. അന്ന് ഇവർക്കൊപ്പം റഷ്യൻ പങ്കാളി ആൻഡ്ര്യൂ ലെബഡോവും ഉണ്ടായിരുന്നു. പിന്നീട് ലെബഡോവ് റഷ്യയിലേക്ക് തിരികെ പോവുകയും നിന ഇന്ത്യയിൽ തന്നെ തങ്ങുകയുമായിരുന്നു. ഇവരുടെ നാടുകടത്തലിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

