റഷ്യൻ യുവതിയും രണ്ടു പെൺ മക്കളും കർണാടകയിലെ മലമുകളിലെ ഗുഹയിൽ കഴിഞ്ഞതായി കണ്ടെത്തി
text_fieldsgokarna
ഗോവ: റഷ്യൻ യുവതിയും രണ്ടു പെൺമക്കളും കർണാടകയിലെ ഗോകർണയിൽ ഗുഹയിൽ കഴിഞ്ഞതായി കണ്ടെത്തി. ഉൾഗ്രാമമായ രാമതീർഥ മലയിലെ അപകടകരമായ ഗുഹയിലാണ് ഇവർ കഴിഞ്ഞത്. ബുധനാഴ്ച വൈകീട്ട് ഗോകർണ പൊലീസ് രാമതീർഥ മലയിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് യാദൃശ്ചികമായി യുവതിയെയും കുട്ടികളെയും കണ്ടെത്തുന്നത്. ഇവിടെയെത്തുന്ന യാത്രികർക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് പട്രോളിങ് നടത്തിയത്. ഇതിനിടെ ഒരു ഗുഹയിൽ നിന്ന് ചലനം കണ്ടാണ് പൊലീസ് അവിടേക്ക് ശ്രദ്ധ തിരിച്ചത്. മലയിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള അപകടമേഖലയിലെ ഗുഹയിലാണ് ഇവരെ കണ്ടെത്തുന്നത്. തീർഥാടന മേഖലയായ ഇവിടെ ധ്യാനത്തിലിരിക്കുകയായിരുന്നു താനും മക്കളും എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. റഷ്യക്കാരിയായ നിനാ കുടിന (40), ഏഴു മാസം പ്രായമായ മകൾ പ്രേമ, നാല് വയസ്സുകാരി അമ എന്നിവരുമായാണ് യുവതി ഗുഹയിൽ കഴിഞ്ഞത്.
ഗോവയിൽ നിന്ന് ഗോകർണയിലെത്തിയതായിരുന്നു ഇവർ. നഗരത്തിലെ ബഹളത്തിൽ നിന്ന് വിട്ടൊഴിഞ്ഞ് ഏകാന്തത തേടിയാണ് എത്തിയതെന്നും ധ്യാനമായിരുന്നു ലക്ഷ്യമെന്നും ഇവർ പറഞ്ഞു. എന്നാൽ അന്വേഷണത്തിൽ ഇവരുടെ താമസത്തിൽ ദുരൂഹത നിഴലിക്കുന്നു.
രാമതീർത്ഥ മലനിരയിൽ കഴിഞ്ഞവർഷം മണ്ണിടിച്ചിലുണ്ടായതാണ്. വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ താവളം കുടിയാണിവിടം. ഇത്തരം അപകടങ്ങൾ കണക്കിലെടുത്ത് പൊലീസ് ഇവർക്ക് കൗൺസലിങ് കൊടുത്താണ് ഇവിടെ നിന്ന് രക്ഷിച്ചെടുത്തത്. പിന്നീട് ഇവരുടെ ആഗ്രഹപ്രകാരം അടുത്തുള്ള സ്ഥലമായ ബങ്കികോട്‍ലയിലുള്ള സ്വാമിനി യോഗരത്ന സരസ്വതിയുടെ ആശ്രമത്തിലെത്തിച്ചു.
ഇവരുടെ പാസ്പോർട്ട് പരിശോധിച്ച പൊലീസ് കണ്ടെത്തിയത് ഇവർ 2017ൽ ഇന്ത്യയിൽ ബിസിനസ് വിസയിൽ എത്തിയതാണെന്നാണ്. 2018 ഏപ്രിലിൽ ഇവർക്ക് തിരിച്ചുപോകാനുള്ള അനുമതി നൽകിയിരുന്നു. അന്ന് നേപ്പാളിലേക്കു പോയ ഇവർ പിന്നീട് 2018 സെപ്റ്റംബറിൽ തിരിച്ചെത്തി. തുടർന്ന് ഇന്ത്യയിൽ കഴിയാൻ നിയമപരമായി അനുമതി ഇല്ലാത്ത ഇവർ ഒളിച്ച് കഴിയുകയായിരുന്നു ഇവിടെ. ഇത് കണ്ടെത്തിയതോടെ പൊലീസ് ഇവരെ കർവാറിലുള്ള കർണാടക വനിതാ-ശിശു വികസന വകുപ്പിന്റെ വിമൻസ് റിസപ്ഷൻ സെന്ററിൽ പാർപ്പിച്ചിരിക്കുകയാണ്. അനധികൃതമായി രാജ്യത്ത് താമസിക്കുന്നതിനാൽ ഫെറോ അധികൃതരുമായി കർണാടക പൊലീസ് ബന്ധപ്പെട്ടു. ഇവരെ തിരികെ റഷ്യയിലേക്ക് ഡീപോർട്ട ചെയ്യുകയാണ് ലക്ഷ്യം. യുവതിയെയും കുട്ടികളെയും ഇതിനായി ഫെറോയുടെ മുന്നിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

