റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഇന്ന് ഇന്ത്യയിലെത്തും
text_fieldsന്യൂഡൽഹി: യുക്രെയ്നിൽ സൈനിക നീക്കം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ലാവ്റോവ് ഇന്ത്യയിലെത്തുന്നത്. യുക്രെയ്ൻ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യൻ നേതാവാണ് ലാവ്റോവ്.
വിവിധ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാനാണ് ലാവ്റോവിന്റെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കയും ഇന്ത്യയുമയി നടക്കാനിരിക്കുന്ന 2+2 ഡയലോഗിന് തൊട്ടുമുൻപാണ് റഷ്യൻ വിദേശകാര്യമന്ത്രിയുടെ ഇന്ത്യ സന്ദർശനമെന്നതും പ്രാധാന്യമർഹിക്കുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി യു.എസ് പ്രതിരോധ, വിദേശകാര്യ മന്ത്രിമാരാണ് കൂടിക്കാഴ്ച നടത്തുക.
ചൈനയിലെ സന്ദർശനത്തിനു ശേഷമാണ് ലാവ്റോവ് ഇന്ത്യയിലെത്തുന്നത്. ചൈനയിലെ വിദേശകാര്യമനത്രി വാങ് യീയുമായി ലാവ്റോവ് യുക്രെയ്ൻ പ്രശ്നം ചർച്ച ചെയ്തതിനുശേഷമാണ് ഇന്ത്യ സന്ദർശിക്കുന്നത്.
റഷ്യ യുക്രെയ്നിൽ സൈനിക നീക്കം ആരംഭിച്ചതിനെതിരെ ലോകരാജ്യങ്ങൾ രംഗത്തെത്തിയപ്പോൾ ഇന്ത്യ റഷ്യക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നില്ല. ഐക്യരാഷ്ട്രസഭയിൽ റഷ്യയെ തള്ളാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

