റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിലെത്തും
text_fieldsന്യൂഡൽഹി: റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് രണ്ടു ദിവസത്തെ സന്ദർശനത്തിന് ഇന്ന് ഇന്ത്യയിലെത്തും. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു ശേഷം ആദ്യമായാണ് ലാവ്റോവ് ഇന്ത്യയിലെത്തുന്നത്. റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയ സാഹചര്യത്തിൽ റഷ്യ ഉൽപാദിപ്പിക്കുന്ന അസംസ്കൃത എണ്ണ ഇന്ത്യക്ക് റൂബിൾ - രൂപ അനുപാതത്തിൽ വിനിമയം ചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനിടയുണ്ടെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
മിസൈൽ നിർമാണത്തിനാവശ്യമായ സാമഗ്രികൾ വാങ്ങുന്നതിനെക്കുറിച്ചും ചർച്ച ചെയ്തേക്കും.രണ്ടു ദിവസത്തെ ചൈന സന്ദർശനത്തിനു ശേഷമാണ് ലാവ്റോവ് ഇന്ത്യയിലെത്തുക.
അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ചൈന വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത ശേഷം ലാവ്റോവ് വ്യാഴാഴ്ച വൈകീട്ട് ന്യൂഡൽഹിയിൽ വിമാനമിറങ്ങുമെന്നാണ് കരുതുന്നത്. ഇതേസമയംതന്നെ യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ദിലീപ് സിങ്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, ജർമൻ വിദേശ - സുരക്ഷ നയ ഉപദേഷ്ടാവ് ജെൻസ് പ്ലോട്ട്നർ എന്നിവരും ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

