കൂടംകുളം ആണവ നിലയത്തിലേക്ക് ഇന്ധനമെത്തിച്ച് റഷ്യ
text_fieldsന്യൂഡൽഹി: തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിലെ മൂന്നാമത്തെ റിയാക്ടറിനായി ആദ്യഘട്ട ആണവ ഇന്ധനമെത്തിച്ചതായി റഷ്യൻ ആണവ കോർപറേഷൻ റോസാറ്റം അറിയിച്ചു. പ്രസിഡന്റ് വ്ലാദിമിർ പുടിൻ രണ്ടുദിവസത്തെ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തിയതിനോട് അനുബന്ധിച്ചാണ് ആണവ ഇന്ധന വിതരണം. നോവോസിബിർസ്ക് കെമിക്കൽ കോൺസെൻട്രേറ്റ്സ് പ്ലാന്റ് നിർമിച്ചതാണ് ആണവ ഇന്ധനവുമായി ബന്ധപ്പെട്ട സാമഗ്രികൾ.
2024ൽ ഒപ്പുവെച്ച കരാർ പ്രകാരം ആകെ ഏഴ് വിമാനങ്ങളിലാണ് ഇന്ധനമെത്തിക്കുക. കൂടംകുളം പ്ലാന്റിൽ ആറ് റിയാക്ടറുകൾ സ്ഥാപിക്കും. ആകെ 6,000 മെഗാവാട്ട് സ്ഥാപിത ശേഷിയുണ്ട്. കൂടംകുളത്തെ ആദ്യത്തെ രണ്ട് റിയാക്ടറുകൾ 2013ലും 2016ലും ഇന്ത്യയുടെ പവർ ഗ്രിഡുമായി ബന്ധിപ്പിച്ചിരുന്നു. മറ്റ് നാല് റിയാക്ടറുകൾ നിർമാണത്തിലാണ്.
വാർത്തകൾ കൈമാറും
ന്യൂഡൽഹി: ഇന്ത്യയിലെയും റഷ്യയിലെയും വാർത്താ ഉള്ളടക്കങ്ങൾ പതിവായി കൈമാറുന്നതിനുള്ള സഹകരണ കരാറിൽ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും റഷ്യൻ വാർത്താ ഏജൻസിയായ ടാസും വെള്ളിയാഴ്ച ഒപ്പുവെച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തോടനുബന്ധിച്ചാണ് പി.ടി.ഐയുടെ സി.ഇ.ഒയും ചീഫ് എഡിറ്ററുമായ വിജയ് ജോഷിയും ടാസ് ഡയറക്ടർ ജനറൽ ആൻഡ്രി കോന്ദ്രഷോവും കരാറിൽ ഒപ്പുവെച്ചത്. റഷ്യയും ഇന്ത്യയും തമ്മിലുള്ള സൗഹൃദവും പരസ്പര ധാരണയും ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു പ്രധാന ചുവടുവെപ്പാണിതെന്ന് ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കോന്ദ്രഷോവ് പറഞ്ഞു.
യുക്രെയ്ൻ യുദ്ധം: ഇന്ത്യ സമാധാന പക്ഷത്ത് -മോദി
ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങളെ ശക്തമായി പിന്തണക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നിഷ്പക്ഷമല്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടന്ന ഉച്ചകോടിയിൽ അദ്ദേഹം വ്യക്തമാക്കി. യുക്രെയ്ൻ യുദ്ധത്തിന് സമാധാന പൂർവമായ പരിഹാരത്തിനായി തന്റെ രാജ്യവും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

