യുദ്ധവിമാനം: സംയുക്ത റഷ്യൻ പദ്ധതിയിൽനിന്ന് ഇന്ത്യ പിന്മാറുന്നു
text_fieldsന്യൂഡൽഹി: അഞ്ചാം തലമുറ യുദ്ധ വിമാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള രണ്ട് ലക്ഷം കോടി രൂപയുടെ സംയുക്ത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ബുദ്ധിമുട്ട് റഷ്യയെ അറിയിച്ച് ഇന്ത്യ. പദ്ധതിയുടെ കനത്ത സാമ്പത്തിക ചെലവാണ് തടസ്സം. എന്നാൽ, പദ്ധതി സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പൂർണമായും അവസാനിപ്പിച്ചിട്ടില്ലെന്നും സാമ്പത്തിക ചെലവിൽ ഉചിതമായ പങ്കാളിത്ത ഫോർമുല രൂപപ്പെട്ടാൽ പദ്ധതി പുനപ്പരിശോധിക്കാൻ ഇന്ത്യ തയാറാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സൈനികസഖ്യം കൂടുതൽ ശക്തിപ്പെടുത്താനായി 2007ലാണ് വൻകിട പദ്ധതിക്കുവേണ്ടി ഇന്ത്യയും റഷ്യയും കരാർ ഒപ്പുവെച്ചത്. എന്നാൽ സാമ്പത്തിക ചെലവ് പങ്കുവെക്കൽ, ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ, ഉൽപാദിപ്പിക്കുന്ന യുദ്ധവിമാനങ്ങളുടെ എണ്ണം തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തതോടെ പദ്ധതി സ്തംഭനത്തിലാണ്.
യുദ്ധ വിമാനത്തിെൻറ പ്രാഥമിക രൂപകൽപനക്ക് 2010ൽ 29.5 കോടി ഡോളർ നൽകാമെന്ന് ഇന്ത്യ സമ്മതിച്ചിരുന്നു. തുടർന്ന് അന്തിമ രൂപകൽപനക്കും പ്രാഥമികഘട്ട നിർമാണത്തിനും 600 കോടി ഡോളർ നൽകാനും ഇരുരാജ്യങ്ങളും സമ്മതിച്ചു. 2016ൽ വീണ്ടും ചർച്ചകൾ ആരംഭിച്ചെങ്കിലും അന്തിമ കരാറിലെത്താനായില്ല. സാങ്കേതിക വിദ്യയിൽ തുല്യ അവകാശം ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും നിർണായക കാര്യങ്ങൾ പങ്കുവെക്കാൻ റഷ്യ തയാറാകാത്തതാണ് പദ്ധതിക്ക് തടസ്സമായതെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
