രൂപയുടെ മൂല്യമിടിഞ്ഞതിനെ ന്യായീകരിച്ച് ധനമന്ത്രി; ആഗോള പ്രതിഭാസമെന്ന് പ്രതികരണം
text_fieldsന്യൂഡൽഹി: രൂപയുടെ മൂല്യമിടിഞ്ഞതിനെ ന്യായീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഡോളറിനെതിരെ മറ്റ് കറൻസികളുടെ മൂല്യം ഇടിയുന്നത് ഒരു ആഗോളപ്രതിഭാസമാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഡോളർ കരുത്താർജിക്കുന്നതാണ് ഇപ്പോഴുള്ള രൂപയുടെ മൂല്യമിടിയുന്നതിനുള്ള കാരണം. രൂപയുടെ പ്രശ്നം കൊണ്ടല്ല നിലവിലുള്ള സ്ഥിതിവിശേഷമുണ്ടായതെന്നും നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് സർക്കാറിന്റെ പ്രഥമ പരിഗണന. റീടെയിൽ പണപ്പെരുപ്പം കേന്ദ്രസർക്കാറിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയിൽ തന്നെ നിലനിർത്താൻ സാധിച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിൽ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ക്രമാതീതമായി ഉയരില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.
മൂലധനച്ചെലവുകൾ വെട്ടിച്ചുരുക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. കാർഷിക, ഗ്രാമീണമേഖല, നഗരവികസനം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം മൂലധനച്ചെലവുകൾ വർധിപ്പിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. വലിയ അനിശ്ചിതത്വങ്ങളുടെ സാഹചര്യത്തിലാണ് ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്.
ആഗോള സാമ്പത്തികരംഗത്ത് വലിയ വെല്ലുവിളികൾ നിറഞ്ഞുനിന്നിരുന്നു. ഇത് ബജറ്റ് ഒരുക്കങ്ങളേയും വെല്ലുവിളിനിറഞ്ഞതായി മാറ്റിയിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയുടെ മൂല്യത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

