തെക്ക്-വടക്ക് വിവേചനത്തിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ
text_fieldsഡി.കെ സുരേഷ്
ന്യൂഡൽഹി: തെക്ക്-വടക്ക് വിവേചന വിഷയത്തിൽ ലോക്സഭയിൽ വീണ്ടും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. ബജറ്റിൽ ഇത്തരമൊരു വിവേചനമുണ്ടെന്നും തെക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക രാജ്യം ആവശ്യപ്പെടേണ്ടി വരുമെന്നും പറഞ്ഞ കോൺഗ്രസ് എം.പിക്കുനേരെ അച്ചടക്ക നടപടിയുടെ വാളോങ്ങി സർക്കാർ. ഈ വിഷയത്തിൽ സംസാരിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ഇറങ്ങിപ്പോക്ക്.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ സഹോദരനും എം.പിയുമായ ഡി.കെ സുരേഷ് സഭക്കു പുറത്തു നടത്തിയ പരാമർശം എത്തിക്സ് കമ്മിറ്റിക്ക് വിട്ട് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സർക്കാറിനുവേണ്ടി പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് വാദിച്ചത്. തെക്കൻ സംസ്ഥാനങ്ങളിൽനിന്ന് കിട്ടുന്ന നികുതി വിഹിതംകൂടി വടക്കേന്ത്യയിൽ വിതരണം ചെയ്യുകയാണ്. ഇതിനെ അപലപിച്ചില്ലെങ്കിൽ പ്രത്യേക രാജ്യം ആവശ്യപ്പെടേണ്ട സ്ഥിതി വരും എന്നിങ്ങനെയാണ് ഡി.കെ. സുരേഷ് പറഞ്ഞത്. പാർട്ടി എം.പിയുടെ പ്രസ്താവനക്ക് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി മാപ്പു പറയണമെന്ന് മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.
സുരേഷിന്റെ പ്രസ്താവന ഭരണഘടനയോടും ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കറോടുമുള്ള അവഹേളനമാണെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസിലെയും ഡി.എം.കെയിലെയും അംഗങ്ങൾ എതിർപ്പുമായി എഴുന്നേറ്റു. സംസാരിക്കാൻ സ്പീക്കർ ഓം ബിർല അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സഭയിൽനിന്ന് ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു പിന്നാലെ, കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലും തെക്ക്-വടക്ക് വിവേചനം വിഷയമായിരുന്നു. തെക്ക്-വടക്ക് വിവേചനം സഭയിൽ ഉന്നയിച്ച ഡി.എം.കെയിലെ ഡോ. സെന്തിൽ കുമാറിന് മോശം പദപ്രയോഗത്തിന്റെ പേരിൽ മാപ്പു പറയേണ്ടിവന്നു. സഭാ രേഖകളിൽനിന്ന് പിന്നീട് നീക്കിയ പദപ്രയോഗം തെറ്റിയെന്ന നിലപാടാണ് അന്ന് ഡി.എം.കെയും സ്വീകരിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പുവേളയിൽ പ്രതിപക്ഷം വടക്ക്-തെക്ക് വിവേചനം ഉയർത്തുന്നത് സർക്കാറിലുള്ളവരെ അലട്ടുന്നത് ധനമന്ത്രി നിർമല സീതാരാമൻ സ്വകാര്യ ടി.വി ചാനലിനു നൽകിയ അഭിമുഖത്തിലും പ്രകടമായി. തെക്കൻ സംസ്ഥാനങ്ങൾക്കു വേണ്ടിയുള്ള തങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് തെറ്റായ കാഴ്ചപ്പാടുണ്ടെന്നാണ് അനുഭവപ്പെടുന്നതെന്ന് ബജറ്റിനെക്കുറിച്ച അഭിമുഖത്തിൽ ധനമന്ത്രി പറഞ്ഞു. വികസന കേന്ദ്രീകൃതമായ ഒരു സാഹചര്യം തെക്കൻ സംസ്ഥാനങ്ങളിൽ ഉണ്ടായതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പങ്കുവഹിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

