Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'തകരുന്ന...

'തകരുന്ന സമ്പദ്‌വ്യവസ്ഥയുടെ പ്രതിഫലനം'; ഉത്തർപ്രദേശിലെ കൊടും ക്രൂരതക്കും നിർബന്ധിത ജോലിക്കും കാരണം തൊഴിലില്ലായ്മയെന്ന് രാഹുൽ ഗാന്ധി

text_fields
bookmark_border
തകരുന്ന സമ്പദ്‌വ്യവസ്ഥയുടെ പ്രതിഫലനം; ഉത്തർപ്രദേശിലെ കൊടും ക്രൂരതക്കും നിർബന്ധിത ജോലിക്കും കാരണം തൊഴിലില്ലായ്മയെന്ന് രാഹുൽ ഗാന്ധി
cancel
camera_alt

രാഹുൽ ഗാന്ധി

ഉത്തർപ്രദേശ്: മുസാഫർനഗറിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന അടിമപ്പണിയുടെയും ക്രൂരമായ പീഡനങ്ങളുടെയും വാർത്തകളെ അതീവ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. മനുഷ്യത്വരഹിതമായ ഈ സംഭവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി രംഗത്തെത്തി. ഇതൊരു സാധാരണ ക്രിമിനൽ കുറ്റമല്ലെന്നും മറിച്ച് രാജ്യത്ത് തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുടെ ആഴത്തിലുള്ള പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് തൊഴിലില്ലാതാവുകയും വരുമാനം നിലക്കുകയും ചെയ്യുന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള സുരക്ഷാ സംവിധാനങ്ങളും തൊഴിലാളി നിയമങ്ങളും അട്ടിമറിക്കപ്പെടുമ്പോൾ സാധാരണക്കാർ എത്രത്തോളം ചൂഷണങ്ങൾക്ക് ഇരയാകുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

മുസാഫർനഗറിലെ മാണ്ടി ഗ്രാമത്തിൽ ഇലക്കലങ്ങളും പേപ്പർ പ്ലേറ്റുകളും നിർമിക്കുന്ന ഒരു ഫാക്ടറിയിൽ നിന്നാണ് പ്രായപൂർത്തിയാകാത്തവർ അടക്കം 12 തൊഴിലാളികളെ പൊലീസ് ക്രൂരമായ തടങ്കലിൽ നിന്ന് മോചിപ്പിച്ചത്. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിയായ വിക്രം എന്ന തൊഴിലാളി ഫാക്ടറിയുടെ മതിൽ ചാടിക്കടന്ന് പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചതോടെയാണ് ഈ കൊടും ക്രൂരത പുറംലോകമറിഞ്ഞത്. ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, കൂടാതെ നേപ്പാളിൽ നിന്നുള്ളവർ വരെ ഈ ഫാക്ടറിയിൽ കെണിയിൽ അകപ്പെട്ടിരുന്നു. ഏകദേശം ഒന്നര വർഷത്തോളമായി ഇവരെ ഇവിടെ പൂട്ടിയിട്ട് മൃഗങ്ങളെപ്പോലെ ജോലി ചെയ്യിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ.

പ്രതിമാസം 12,000 രൂപ ശമ്പളം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇവരെ ജോലിക്കെടുത്തതെങ്കിലും പണം നൽകിയില്ലെന്ന് മാത്രമല്ല, ക്രൂരമായ ശാരീരിക പീഡനങ്ങൾക്കാണ് ഇവർ ഇരയായത്. ഇരുമ്പ് വടികളും ഫാൻ ബെൽറ്റുകളും ഉപയോഗിച്ച് മർദ്ദിക്കുക, നായ്ക്കളെക്കൊണ്ട് കടിപ്പിക്കുക, വേൽ കൊണ്ട് കുത്തുക, ചാട്ടവാറുകൊണ്ട് അടിക്കുക എന്നിവയായിരുന്നു ഫാക്ടറി ഉടമകളുടെ ക്രൂരതകൾ. ഉണങ്ങിയ റൊട്ടികളും കന്നുകാലിത്തീറ്റയും മാത്രമാണ് ഇവർക്ക് ഭക്ഷണമായി നൽകിയിരുന്നത്. പരിക്കേറ്റ ഇവരുടെ ശരീരത്തിൽ ഒടിവുകളും ചതവുകളും ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവം ഭരണഘടനക്കും മനുഷ്യത്വത്തിനും നേരെയുള്ള വലിയൊരു വെല്ലുവിളിയാണെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമ അങ്കിത് ബല്യാൻ, പിതാവ് പ്രദീപ് ബല്യാൻ, സൂപ്പർവൈസർ ശിവ ത്യാഗി എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം മനുഷ്യക്കടത്ത്, നിർബന്ധിത അടിമപ്പണി, വധശ്രമം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ പ്രദീപ് ബല്യാൻ, ശിവ ത്യാഗി എന്നിവരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഒളിവിൽ പോയ പ്രധാന പ്രതി അങ്കിത് ബല്യാന് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ദുരിതബാധിതരായ തൊഴിലാളികൾക്ക് അടിയന്തര നീതിയും പുനരധിവാസവും ഉറപ്പാക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ശക്തമായ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Labour caseIndiauttarpradesh nativeRahul GandhiSlave labor
News Summary - 'Rubble of crumbling economy’: Rahul Gandhi blames lack of jobs for UP bonded labour case
Next Story