ആർ.എസ്.എസിനെ നിരോധിക്കണം -മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: സർദാർ വല്ലബ്ഭായ് പട്ടേലിന്റെ ജന്മദിനത്തിൽ ആർ.എസ്.എസിനെയും സർക്കാറിനെയും കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർ രാജ്യത്തെ ഒന്നിപ്പിച്ച സർദാർ വല്ലബ്ഭായ് പട്ടേലിന്റെ ഓർമ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് ഖാർഗെ കുറ്റപ്പെടുത്തി.
സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുള്ള വിലക്ക് നീക്കാൻ 2024ൽ മോദി സർക്കാർ തീരുമാനിച്ചത്, മഹാത്മ ഗാന്ധിയുടെ വധത്തിനുശേഷം 1948ൽ ആർ.എസ്.എസിനെ നിരോധിച്ച പട്ടേലിനെ അനാദരിക്കുന്നതിന് തുല്യമാണെന്ന് ഖാർഗെ തുറന്നടിച്ചു. ആർ.എസ്.എസിനെ നിരോധിക്കാതെ മറ്റു വഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗാന്ധി വധത്തിനിടയാക്കിയത് ആർ.എസ്.എസ് സൃഷ്ടിച്ച അന്തരീക്ഷമാണെന്ന് പട്ടേൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സർദാർ പട്ടേൽ നമ്മുടെ മുന്നിൽ ഉന്നയിച്ച വസ്തുതകൾ കണക്കിലെടുത്ത് ആർ.എസ്.എസിനെ നിരോധിക്കണം. ഞാൻ അത് തുറന്ന് പറയും. പട്ടേലിന്റെ അഭിപ്രായങ്ങളെ പ്രധാനമന്ത്രി മോദിയും അമിത് ഷായും ബഹുമാനിക്കണമെങ്കിൽ നിരോധനം ഉണ്ടാകണം. രാജ്യത്ത് സംഭവിക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം ആർ.എസ്.എസും ബി.ജെ.പിയുമാണെന്നും ഖാർഗെ പറഞ്ഞു.
ഗുജറാത്തിൽ മോദി നടത്തിയ പ്രസംഗത്തിൽ, പട്ടേലിന്റെ പാരമ്പര്യത്തെ കോൺഗ്രസ് ദുർബലപ്പെടുത്തുന്നുവെന്ന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാർത്തസമ്മേളനം നടത്തി ഖാർഗെ മറുപടി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

