മല്ലികാർജുൻ ഖാർഗെയുടെ നാട്ടിൽ ആർ.എസ്.എസ് റൂട്ട് മാർച്ചിന് അനുമതി
text_fieldsബംഗളൂരു: എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ സ്വന്തം തട്ടകമായ ഗുർമിത്കൽ പട്ടണത്തിൽ ആർ.എസ്.എസ് റൂട്ട് മാർച്ചിന് അനുമതി.
വെള്ളിയാഴ്ച നടക്കുന്ന മാർച്ചിന് പത്ത് നിബന്ധനകളോടെയാണ് യാദ്ഗിർ ജില്ല ഭരണകൂടത്തിന്റെ അനുമതി. ആർ.എസ്.എസ് ജില്ല പ്രചാര്‍ പ്രമുഖ് ബസപ്പ സഞ്ജനോൾ ഈ മാസം 23ന് അപേക്ഷ നൽകിയിരുന്നു. ഖാർഗെ എട്ടുതവണ എം.എൽ.എ ആയ മണ്ഡലമാണ് ഗുർമിത്കൽ.
സാമ്രാട്ട് സർക്കിൾ, എ.പി.എം.സി സർക്കിൾ, ഹനുമാൻ ക്ഷേത്രം, മറാത്തവാടി, പൊലീസ് സ്റ്റേഷൻ റോഡ്, മിലാൻ ചൗക്ക്, സിഹിനീരു ബാവി മാർക്കറ്റ് മെയിൻ റോഡ് എന്നീ വഴികളിലൂടെ കടന്നുപോകാനാണ് അനുമതി. പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണം. നാശനഷ്ടം സംഭവിച്ചാൽ മുഴുവൻ ചെലവും സംഘാടകർ വഹിക്കണം.
നിർദേശിച്ച വഴി കർശനമായി പാലിക്കണം. ഏതെങ്കിലും ജാതി- മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന മുദ്രാവാക്യങ്ങൾ ഉയർത്തുന്നില്ലെന്ന് ഉറപ്പാക്കണം. റോഡുകൾ തടയരുതെന്നും കടകൾ നിർബന്ധിച്ച് അടപ്പിക്കരുതെന്നും മാരകായുധങ്ങളോ തോക്കുകളോ കൊണ്ടുപോകരുതെന്നും അനുമതി ഉത്തരവിൽ പറയുന്നു. മതിയായ സുരക്ഷ ക്രമീകരണം പൊലീസ് ഏർപ്പെടുത്തും. ഈ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിച്ചാൽ സംഘാടകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

