സ്വാതന്ത്ര്യ സമരത്തിലടക്കം നിർണായക സംഭാവനകൾ നൽകി; ആർ.എസ്.എസിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി
text_fieldsനരേന്ദ്രമോദി
ന്യൂഡൽഹി: 100ാം വാർഷികാഘോഷ ദിനത്തിൽ ആർ.എസ്.എസിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ സമരത്തിലടക്കം ആർ.എസ്.എസിന്റെ സംഭാവനകൾ നിർണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബുധനാഴ്ച ഡൽഹിയിൽ നടന്ന ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രിയായിരുന്നു മുഖ്യാതിഥി.
രാഷ്ട്രത്തിന് ആർ.എസ്.എസിന്റെ സംഭാവനകൾ എടുത്തുകാണിക്കുന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മാരക തപാൽ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കി. 100 രൂപയുടെ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് 'വരദ മുദ്ര'യിൽ സിംഹത്തിൽ ഇരിക്കുന്ന ഭാരതമാതാവിന്റെ ചിത്രവും സ്വയംസേവകർ അവരുടെ മുന്നിൽ കുമ്പിടുന്ന ചിത്രവും ആലേഖനം ചെയ്തിട്ടുണ്ടെന്ന് സ്മാരക നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭാരതമാതാവിന്റെ ചിത്രം കറൻസിയിൽ ആലേഖനം ചെയ്തിരിക്കുന്നതെന്ന് മോദി പറഞ്ഞു.
ആർ.എസ്.എസിന്റെ 100 വർഷത്തെ മഹത്തായ യാത്ര ത്യാഗത്തിന്റെയും നിസ്വാർഥ സേവനത്തിന്റെയും രാഷ്ട്രനിർമാണത്തിന്റെയും അച്ചടക്കത്തിന്റെയും അസാധാരണ ഉദാഹരണമാണ്. സംഘടനയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ അഭിമാനം തോന്നുന്നുവെന്നും സദസ്സിനെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു.
'രാഷ്ട്രം ആദ്യം' എന്ന വിശ്വാസത്തിന്റെ പേരിൽ ബ്രിട്ടീഷുകാരും ഹൈദരാബാദിലെ നൈസാമുകളും ആർ.എസ്.എസ് പ്രവർത്തകരെ വളരെയധികം കഷ്ടപ്പെടുത്തി. ആർ.എസ്.എസ് സ്ഥാപകൻ കെ.ബി. ഹെഡ്‌ഗേവാർ ഉൾപ്പെടെയുള്ള നേതാക്കൾ സ്വാതന്ത്ര്യസമരകാലത്ത് ജയിലിലടക്കപ്പെട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു.
ആർ.എസ്.എസുമായി ബന്ധപ്പെട്ട വിവിധ സംഘടനകൾ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ട്. ആർ.എസ്.എസിന്റെ വ്യത്യസ്ത വിഭാഗങ്ങൾ ഉണ്ടായിരുന്നിട്ടും രാഷ്ട്രം ആദ്യം എന്ന ഒരു ലക്ഷ്യത്തിനായി വിശ്വസിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നതിൽ ഒരിക്കലും അവ ഏറ്റുമുട്ടിയിട്ടില്ല. ഉണ്ടായ കാലം മുതൽ ആർ.എസ്.എസ് രാഷ്ട്രം കെട്ടിപ്പടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആർ.എസ്.എസ് സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും നിരവധി സ്വാതന്ത്ര്യ സമര സേനാനികൾക്ക് അഭയം നൽകുകയും ചെയ്തു.
1942ലെ ചിമൂർ (മഹാരാഷ്ട്ര) പ്രക്ഷോഭത്തിൽ ആർ.എസ്.എസ് സ്വയംസേവകർ ബ്രിട്ടീഷുകാരിൽ നിന്ന ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചു. ഗോവയുടെയും ദാദ്ര, നാഗർ ഹവേലിയുടെയും സ്വാതന്ത്ര്യസമരകാലത്തും ആർ.എസ്.എസ് ത്യാഗങ്ങൾ സഹിച്ചു. എന്നാൽ 'രാഷ്ട്രം ആദ്യം' എന്ന വിശ്വാസത്തിലും 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന ലക്ഷ്യത്തിലും ആർ.എസ്.എസ് ഉറച്ചുനിന്നു. സ്വാതന്ത്ര്യത്തിനു ശേഷവും സംഘടനയെ തകർക്കാൻ ശ്രമങ്ങൾ നടന്നു. ഒരുപാട് വിലക്കുകളും ഗൂഢാലോചനകളുമുണ്ടായി. എന്നിട്ടും ആർ.എസ്.എസ് ആരോടും വിദ്വേഷം കാണിച്ചിട്ടില്ലെന്നും മോദി ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിലുള്ള വിശ്വാസത്തിലും 'ഏക ഇന്ത്യ, മഹത്തായ ഇന്ത്യ' എന്ന വിശ്വാസത്തിലുമാണ് ആർ.എസ്.എസ് വേരൂന്നിയിരിക്കുന്നത്. രാഷ്ട്രനിർമാണത്തിൽ സംഘടന അസാധാരണ കാര്യങ്ങൾ ചെയ്തു. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചു. ഏറെ പ്രചോദനാത്മകമായ യാത്രയാണ് സംഘടനയുടേത്. നൂറു വർഷങ്ങൾക്ക് മുമ്പ്, ആർ.എസ്.എസ് സ്ഥാപിതമായപ്പോൾ രാജ്യം അടിമത്തത്തിന്റെ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടിരുന്നു. നൂറ്റാണ്ടുകൾ നീണ്ട ഈ അടിമത്തം നമ്മുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും വല്ലാതെ മുറിവേൽപ്പിച്ചു. ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികത സ്വത്വ പ്രതിസന്ധിയെ നേരിടുകയായിരുന്നു. എല്ലാ പ്രതിസന്ധികളിലും ആർ.എസ്.എസ് ശക്തമായി നിലകൊണ്ടുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
1925ൽ നാഗ്പൂരിൽ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാർ ആണ് ആർ.എസ്.എസ് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

