Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയോധ്യയിൽ ക്യാമ്പ് ചെയ്ത് ആർ.എസ്.എസ് നേതാക്കൾ; രാമക്ഷേത്ര കൊള്ളയിൽ പ്രത്യേക നിരീക്ഷണം

text_fields
bookmark_border
അന്വേഷണ റിപ്പോർട്ട് മോഹൻ ഭാഗവതിന് കൈമാറും, ട്രസ്റ്റിൽ അഴിച്ചുപണിക്ക് സാധ്യത
അയോധ്യയിൽ ക്യാമ്പ് ചെയ്ത് ആർ.എസ്.എസ് നേതാക്കൾ; രാമക്ഷേത്ര കൊള്ളയിൽ പ്രത്യേക നിരീക്ഷണം
cancel

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തർ കാണിക്കയും സംഭാവനകളുമായി നൽകിയ കോടികൾ വിലമതിക്കുന്ന വസ്തുക്കൾ കൊള്ളയടിച്ച സംഭവം ആർ.എസ്.എസ് നേരിട്ട് നിരീക്ഷിക്കുന്നു. സർ സംഘചാലക് മോഹൻ ഭാഗവതിന്റെ നിർദേശപ്രകാരം, യു.പിയിലെ കിഴക്കൻ മേഖല പ്രചാരക് അനിൽജിയുടെ നേതൃത്വത്തിൽ അയോധ്യയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം.

അയോധ്യയിലെ പ്രമുഖ സന്യാസിമാരായ ലക്ഷ്മൺ കിലാധീഷ് മഹന്ത് മൈഥിലിരമൺ ശരൺ, ഹനുമത് നിവാസിലെ മഹന്ത് ഡോ. മിഥിലേഷ് നന്ദിനി ശരൺ, മണിറാം ദാസ് ഛാവണിയിലെ മഹന്ത് കമൽനയൻ ദാസ്, സരയൂ ആരതി പ്രസിഡന്റ് മഹന്ത് ശശികാന്ത് ദാസ് എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇവരിൽനിന്ന് ഉൾപ്പെടെ ലഭിക്കുന്ന വിവരങ്ങൾ ചേർത്ത് തയാറാക്കുന്ന റിപ്പോർട്ട് ഉടൻ മോഹൻ ഭാഗവതിന് സമർപ്പിക്കും. നേരത്തേ, മുതിർന്ന ആർ.എസ്.എസ് നേതാവ് ഭയ്യാജി ജോഷി അയോധ്യയിലെത്തി വിവരങ്ങൾ ശേഖരിച്ച് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൽ അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന. അയോധ്യയിലെ സന്യാസിമാർക്കും വിവിധ മേഖലകളിൽ പ്രവർത്തിക്കുവർക്കും ട്രസ്റ്റിൽ കൂടുതൽ പങ്കാളിത്തം നൽകുമെന്നാണ് റിപ്പോർട്ട്. ക്ഷേത്ര ഭരണം കൈയാളുന്ന ട്രസ്റ്റിൽ, രാഷ്ട്രീയ താൽപര്യങ്ങൾ മാത്രം നോക്കിയാണ് അംഗങ്ങളെ ഉൾപ്പെടുത്തിയതെന്ന ആരോപണം പ്രതിരോധിക്കാനാണ് പുതിയ നീക്കങ്ങൾ.

അതിനിടെ, രാമജന്മഭൂമിയിലെ റേഡിയോ ഓപറേഷൻ ഓഫിസർ (ആർ.എം.ഒ) അർജുൻ ദേവിലേക്ക് എസ്.ഐ.ടി അന്വേഷണം വ്യാപിപ്പിച്ചു. പണം എണ്ണുന്ന മുറിയിലെ സി.സി.ടി.വി കാമറകൾ ഉൾപ്പെടെ, ക്ഷേ​ സമുച്ചയത്തിലെ ആയിരത്തിഅറുനൂറോളം കാമറകളുടെ നിരീക്ഷണ ചുമതല അർജുൻ ദേവിനായിരുന്നു. ക്ഷേത്രവളപ്പിലെ 14 സ്ഥലങ്ങളിലായി സ്ഥാപിച്ച കാണിക്ക വഞ്ചികൾ സി.സി.ടി.വി നിരീക്ഷണത്തിലായിരുന്നിട്ടും എങ്ങനെ കൊള്ള നടന്നു എന്നതാണ് എസ്.ഐ.ടി അന്വേഷിക്കുന്നത്.

2009 മുതൽ അയോധ്യയിൽ സേവനമനുഷ്ഠിക്കുന്നയാളാണ് അർജുൻ ദേവ്. രാമലല്ല താൽക്കാലിക ടെന്റിൽ കഴിഞ്ഞിരുന്ന കാലം തൊട്ട് സി.സി.ടി.വി ചുമതലകൾ ഇദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. ഈ കാലയളവിനിടയിൽ ലഖ്‌നോവിലേക്ക് ഉൾപ്പെടെ പലതവണ സ്ഥലംമാറ്റ ഉത്തരവുകൾ ലഭിച്ചെങ്കിലും ഉന്നതതല ഇടപെടലിലൂടെ അതെല്ലാം റദ്ദാക്കിയാതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

വി.ഐ.പി ദർശനങ്ങൾ ക്രമീകരിക്കുന്നതിലും ട്രസ്റ്റിന്റെ ഭരണപരമായ കാര്യങ്ങളിലും അർജുൻ ദേവ് കൈകടത്തിയിരുന്നതായും കണ്ടെത്തി. അർജുൻ ദേവിന് പിന്നിലുള്ളവരെ കണ്ടെത്താനും എസ്.ഐ.ടി നീക്കം തുടങ്ങി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RSS preparing report on Ram Temple donation theft
Next Story