മോഹൻ ഭാഗവതിന്റെ ഹിന്ദു-മുസ്‍ലിം പ്രസ്താവന ഗൾഫ് രാജ്യങ്ങളെയും അമേരിക്കയെയും ബോധ്യപ്പെടുത്താനുള്ള കാപട്യമെന്ന് ഉവൈസി; ‘ആത്മാർഥമാണെങ്കിൽ മുസ്‍ലിംവിരുദ്ധതയിൽനിന്ന് അനുയായികളെ തടയട്ടെ’
text_fieldsന്യൂഡൽഹി: ഹിന്ദു -മുസ്‍ലിം സാഹോദര്യത്തെ കുറിച്ച് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന ആത്മാർഥതയുള്ളതാണെങ്കിൽ മുസ്‍ലിംവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ അനുയായികളെ തടയണമെന്ന് ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി. ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും ഒരേ ഡി.എൻ.എ ആണെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന അമേരിക്കയെയും ഗൾഫ് രാജ്യങ്ങളെയും ബോധ്യപ്പെടുത്താനുള്ള കാപട്യമാണ്. അത് ആത്മാർഥമാണെങ്കിൽ മുസ്‍ലിംവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അനുയായികളെ അദ്ദേഹം നിയന്ത്രിക്കാത്തതെന്താണ്? അദ്ദേഹത്തിന് അവരെ നിയന്ത്രിക്കാനുള്ള കഴിവില്ല എന്ന് താൻ കരുതുന്നില്ല. അദ്ദേഹത്തിന്റെ തന്നെ ഉത്തരവുകളാണ് നടപ്പാകുന്നത് -ഉവൈസി പറഞ്ഞു.
എല്ലാ മസ്ജിദുകൾക്ക് കീഴിലും ശിവലിംഗം തിരയരുതെന്ന് മോഹൻ ഭാഗവത് പറയുമ്പോൾ പള്ളികളിൽ അവകാശവാദം ഉന്നയിച്ച് കേസ് ഫയൽ ചെയ്യുന്നത് അദ്ദേഹത്തിന്റെ അനുയായികളാണ്. ഹിന്ദുത്വ സംഘടന ഇന്ത്യയുടെ വൈവിധ്യത്തെ നശിപ്പിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നത്. നിങ്ങൾ ഈ അനുരഞ്ജന പ്രസ്താവനകൾ നടത്തുന്നുണ്ടാകാം, പക്ഷേ, നിങ്ങളുടെ സ്വന്തം ആളുകളാണ് ഈ മുസ്‍ലിം വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. അവ തെറ്റാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, എന്തുകൊണ്ടാണ് നിങ്ങൾ അവ തടയാത്തത്? അവരെ തടയാൻ നിങ്ങൾ നിസ്സഹായരാണോ? അല്ല. അവർ നിങ്ങളുടെ നിയന്ത്രണത്തിലാണ്. നിങ്ങളുടെ ഉത്തരവുപ്രകാരമാണ് ഇത് സംഭവിക്കുന്നത്. നിങ്ങളുടെ സമ്മതത്തോടെയാണ് ഇത് സംഭവിക്കുന്നത് -പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഉവൈസി പറഞ്ഞു.
‘എനിക്ക് ആർ.എസ്.എസിനെ നന്നായി അറിയാം. അതിന്റെ പ്രത്യയശാസ്ത്രം എന്താണെന്ന് നമുക്കറിയാം. ഈ രാജ്യത്തിന്റെ ബഹുസ്വരതയും വൈവിധ്യവും നശിപ്പിച്ച് ഒരു മതാധിപത്യ രാജ്യം സൃഷ്ടിക്കാൻ ആർ.എസ്.എസ് ആഗ്രഹിക്കുന്നു. ഹെഡ്‌ഗേവാറും ഗോൾവാൾക്കറും ദേവറസും ഭഗവതും രജ്ജു ഭയ്യയും അടക്കം അവരുടെ നേതാക്കളെല്ലാം ഇത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവരും നമ്മളും രണ്ട് ധ്രുവങ്ങളിലാണ്. എങ്ങനെ ഒന്നിക്കാൻ കഴിയും? ആർ.എസ്.എസ് പ്രത്യയശാസ്ത്ര സൃഷ്ടിയാണ്. ആർ.എസ്.എസ് ഒരിക്കലും അതിന്റെ പ്രത്യയശാസ്ത്രം ഉപേക്ഷിക്കില്ല -ഉവൈസി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

