സൂഫിസം പ്രചരിപ്പിക്കാൻ പരിപാടികളുമായി ആർ.എസ്.എസ് സംഘടന
text_fieldsമുസ്‌ലിം രാഷ്ട്രീയ മഞ്ച് മുഖ്യമാർഗദർശിയും ആർ.എസ്.എസ് ദേശീയ നിർവാഹക സമിതി അംഗവുമായ ഇന്ദ്രേഷ് കുമാർ
ലഖ്നോ: സൂഫിസം പ്രചരിപ്പിക്കാൻ ബോധവത്കരണ പരിപാടികളുമായി ആർ.എസ്.എസ് നേതൃത്വം നൽകുന്ന ന്യൂനപക്ഷ സംഘടന. ആർ.എസ്.എസ് ദേശീയ നിർവാഹക സമിതി അംഗം ഇന്ദ്രേഷ് കുമാർ മുഖ്യമാർഗദർശിയായ മുസ്‌ലിം രാഷ്ട്രീയ മഞ്ചാണ് (എം.ആർ.എം) ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് സൂഫിസം കാമ്പയിൻ നടത്തുന്നത്. ലഖ്നോയിൽ സംഘടിപ്പിച്ച എം.ആർ.എം പ്രവർത്തക സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി പത്ത് ബോധവത്കരണ പരിപാടികൾ സംഘടന സംഘടിപ്പിക്കും. ദേശീയ ഐക്യം, സാമൂഹിക സൗഹാർദം, വിദ്യാഭ്യാസം, പരസ്പര സാഹോദര്യം, സാമൂഹിക ഉത്തരവാദിത്തം എന്നിവയായിരിക്കും പരിപാടികളുടെ പ്രധാന വിഷയങ്ങളെന്ന് സംഘടന അവകാശപ്പെട്ടു. ഇതിൽ രണ്ട് പരിപാടികൾ സൂഫിസത്തെ കേന്ദ്രീകരിച്ചായിരിക്കും. സൂഫി പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന സ്നേഹം, മാനവികത, സമാധാനം, മതസൗഹാർദം തുടങ്ങിയ ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് ഇവർ പറയുന്നത്.
ആയിരത്തിലധികം പ്രവർത്തകർ പങ്കെടുത്ത സമ്മേളനത്തിൽ ഇന്ദ്രേഷ് കുമാറിനെ കൂടാതെ മഞ്ച് ദേശീയ കൺവീനർ മുഹമ്മദ് അഫ്സൽ, ഷാഹിദ് അക്തർ, സയ്യിദ് റസ ഹുസൈൻ റിസ്‌വി, ഗിരീഷ് ജുയാൽ, ഇസ്‌ലാം അബ്ബാസ്, രേഷ്മ ഹുസൈൻ, ശാലിനി അലി, ഉത്തർപ്രദേശ് കൺവീനർ ഷൗക്കത്ത് അലി തുടങ്ങിയവർ പങ്കെടുത്തു.
രാജ്യത്തിന്റെ ഐക്യവും ഭരണഘടനാ സംവിധാനവും ദുർബലപ്പെടുത്താനുള്ള ഒരു നീക്കവും അംഗീകരിക്കാനാകില്ലെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു. രാഷ്ട്രീയ എതിർപ്പുകൾ രാജ്യത്ത് അസ്ഥിരതയും അവിശ്വാസവും സൃഷ്ടിക്കുന്ന തരത്തിലേക്ക് പ്രതിപക്ഷവും സി.ജെ.പിയും കൊണ്ടുപോകുകയാണ്. രാജ്യത്തിന്റെ സ്ഥിരതയെയും ദേശീയ താൽപര്യങ്ങളെയുംകാൾ പ്രാധാന്യം, അധികാരം നേടാനുള്ള രാഷ്ട്രീയ മോഹങ്ങൾക്ക് നൽകരുത്. തെരഞ്ഞെടുപ്പ് സംവിധാനത്തോടും ഭരണഘടനാ സ്ഥാപനങ്ങളോടും ജനങ്ങൾക്കിടയിൽ അവിശ്വാസം വളർത്തുന്നതിന് പകരം ജനാധിപത്യ നടപടിക്രമങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും ബഹുമാനിക്കുകയാണ് വേണ്ടത്. ഏറ്റുമുട്ടലുകളും അരാജകത്വവുമല്ല രാജ്യത്തിന് ഇപ്പോൾ ആവശ്യം. ഉത്തരവാദിത്തമുള്ള നേതൃത്വവും സാമൂഹിക സൗഹാർദവും രാഷ്ട്രനിർമാണവുമാണ് വേണ്ടതെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു.
അക്രമവും തീവ്രവാദവും രാഷ്ട്രീയ ഏറ്റുമുട്ടലുകളും സാമൂഹിക ഭിന്നതയും ഏതൊരു രാജ്യത്തിന്റെയും സമാധാനവും സ്ഥിരതയും തകർക്കും. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാകുന്ന ആശയങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. വൈവിധ്യവും ഐക്യവും എല്ലാ മതങ്ങളോടുമുള്ള ബഹുമാനവുമാണ് ഇന്ത്യയുടെ യഥാർഥ ശക്തി. സമൂഹത്തിൽ ദേശസ്നേഹവും പരസ്പര വിശ്വാസവും സാഹോദര്യവും ശക്തിപ്പെടുത്താൻ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും വിദ്വേഷത്തിനും തീവ്രവാദത്തിനുമെതിരെ ബോധവത്കരണം നടത്തണം.
അമേരിക്ക, ഇറാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ യുദ്ധം അവസാനിപ്പിച്ച് ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണം. മനുഷ്യജീവനും സമാധാനത്തിനുമാണ് മുൻഗണന നൽകേണ്ടത്. മരണങ്ങൾ ആഘോഷിക്കുന്നതിന് പകരം മനുഷ്യസ്നേഹമാണ് ഉയർത്തിപ്പിടിക്കേണ്ടത്. ഭയവും അടിച്ചമർത്തലുമല്ല, വിശ്വാസവും സ്നേഹവുമാണ് ലോകത്തിന് ആവശ്യം. 'സ്നേഹം, സ്നേഹം, സ്നേഹം മാത്രം' എന്ന സന്ദേശമാണ് ലഖ്നോയിൽനിന്ന് ലോകത്തിന് നൽകുന്നത് -ഇന്ദ്രേഷ് കുമാർ പറഞ്ഞു. പുതിയ ഉത്തർപ്രദേശിന്റെയും പുതിയ ഇന്ത്യയുടെയും നിർമാണത്തിൽ പങ്കാളികളാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

