ജാതി സെൻസെസിനെ എതിർക്കുമെന്ന് ആർ.എസ്.എസ്
text_fieldsനാഗ്പൂർ: ജാതി സെൻസെസിനെ എതിർക്കുമെന്ന് ആർ.എസ്.എസ്. ജാതി അടിസ്ഥാനത്തിൽ സെൻസെസ് നടത്തണമെന്ന ആവശ്യത്തെ പിന്തുണക്കില്ലെന്നാണ് നിലപാടെന്നും ആർ.എസ്.എസ് അറിയിച്ചു. അത്തരം നീക്കങ്ങൾ രാജ്യത്ത് സാമൂഹിക അസമത്വങ്ങൾ സൃഷ്ടിക്കുമെന്നും സംഘടന വ്യക്തമാക്കി.
മുതിർന്ന ആർ.എസ്.എസ് നേതാക്കളാണ് ജാതി സെൻസെസിൽ സംഘടനയുടെ നിലപാട് അറിയിച്ചത്. മഹാരാഷ്ട്ര സംസ്ഥാന നിയമസഭയിലേയും കൗൺസിലിലേയും ബി.ജെ.പി, ശിവസേന(ഷിൻഡെ വിഭാഗം) എം.എൽ.എമാർ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു സംഘടന വിഷയത്തിൽ നിലപാട് പറഞ്ഞത്.
ജാതി സെൻസെസിൽ നേട്ടങ്ങളൊന്നും ഞങ്ങൾ കാണുന്നില്ലെന്നും എന്നാൽ, ഇതിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും മുതിർന്ന ആർ.എസ്.എസ് പ്രചാരക് ശ്രീധർ ഗാഡ്ഗെ പറഞ്ഞു. അസമത്വത്തിന്റെ മൂലകാരണം ഇതാണ്. ഒരിക്കലും ജാതി സെൻസെസിനെ പിന്തുണക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെയും ശിവസേനയുടെയും നേതാക്കൾ സന്ദർശനം നടത്തുമ്പേൾ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും ആർ.എസ്.എസ് ആസ്ഥാനത്തുണ്ടായിരുന്നില്ല. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ആർ.എസ്.എസ് ആസ്ഥാനത്ത് സന്ദർശനം നടത്തിയ സംഘത്തിലുണ്ടായിരുന്നില്ല. എൻ.സി.പി അംഗങ്ങളും ആർ.എസ്.എസ് ആസ്ഥാനത്തെ സന്ദർശനത്തിന് എത്തിയിരുന്നില്ല.
നേരത്തെ ജാതി സെൻസെസിന് തങ്ങൾ എതിരല്ലെന്ന നിലപാട് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിനോട് രാഷ്ട്രീയപാർട്ടികൾക്ക് വിവിധ വിഷയങ്ങളിൽ സ്വന്തം നിലപാടുണ്ടാവുമെന്നായിരുന്നു ഗാഡ്ഗെയുടെ പ്രതികരണം. രാജ്യത്ത് സമത്വം പ്രോൽസാഹിപ്പിക്കുന്ന സംഘടനയാണ് ആർ.എസ്.എസെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

