‘വ്യത്യസ്ത അഭിപ്രായങ്ങൾ ജനാധിപത്യത്തിന്‍റെ ഭാഗം...’; ‘കോക്രോച്ച് ജനതാ പാർട്ടി’ വിവാദത്തിൽ വിഭിന്ന നിലപാടുമായി ആർ.എസ്.എസ് നേതാവ്
text_fieldsസുനിൽ അംബേക്കർ
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ വെർച്വൽ രാഷ്ട്രീയ കൂട്ടായ്മ ‘കോക്രോച്ച് ജനതാ പാർട്ടി’യെ ചൊല്ലിയുള്ള വിവാദങ്ങളിൽ വ്യത്യസ്ത നിലപാടുമായി ആർ.എസ്.എസ് നേതാവ്. ജനാധിപത്യ സമൂഹത്തിൽ വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങളും ചർച്ചകളും സ്വാഭാവികമാണെന്നും അവയെ ആശങ്കയോടെ കാണേണ്ടതില്ലെന്നും ആർ.എസ്.എസ് പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ പറഞ്ഞു.
പുതിയ തലമുറയിലെ യുവാക്കളുടെ ശബ്ദമായി ഇൻസ്റ്റഗ്രാമിൽ ഉയർന്നുവന്ന സി.ജെ.പി എന്ന ആക്ഷേപഹാസ്യ കൂട്ടായ്മ, ഭരണകക്ഷിയായ ബി.ജെ.പി ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളേക്കാൾ കൂടുതൽ ഫോളോവേഴ്‌സിനെ സ്വന്തമാക്കി അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. വിഷയത്തിൽ ആർ.എസ്.എസ് ഇടപെടേണ്ടതുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കവെ, ഇന്ത്യൻ ജനാധിപത്യത്തിന് എല്ലാത്തരം ശബ്ദങ്ങളെയും വികാരങ്ങളെയും ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടെന്നാണ് സുനിൽ അംബേക്കർ പ്രതികരിച്ചത്.
"നമ്മുടേത് ബോധമുള്ള ഒരു സമൂഹമാണ്. നാം ജനാധിപത്യ സംവിധാനങ്ങളാണ് പിന്തുടരുന്നത്. സുതാര്യമായ തെരഞ്ഞെടുപ്പുകളും തുറന്ന മാധ്യമങ്ങളും സോഷ്യൽ മീഡിയയുമെല്ലാം അതിന്റെ ഭാഗമാണ്. ഇത്തരം തുറന്ന വേദികളിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയരുന്നത് കണ്ട് ആരും ഞെട്ടേണ്ടതില്ല. അതൊരു സാധാരണ പ്രക്രിയ മാത്രമാണ്," - വാർത്താ ഏജൻസിയായ എ.എൻ.ഐയോട് അംബേക്കർ പറഞ്ഞു.
ഇന്ത്യയിലെ യുവാക്കൾക്ക് രാജ്യത്തിന്റെ വ്യവസ്ഥിതിയിൽ വലിയ വിശ്വാസമുണ്ടെന്നും ആർ.എസ്.എസിന് യുവാക്കളുടെ ശക്തിയിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളും പൂർണ സജ്ജരാണെന്നും അതിനാൽ ആർ.എസ്.എസ് ഇതിലേക്ക് പെട്ടെന്ന് ഇടപെടേണ്ട കാര്യമില്ലെന്നും സുനിൽ അംബേക്കർ വ്യക്തമാക്കി.
കോക്രോച്ച് ജനതാ പാർട്ടിയുടെ ജനപ്രീതി വർധിച്ചതോടെ ബി.ജെ.പിയും ആർ.എസ്.എസും ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നിൽ പാകിസ്താൻ ബന്ധമുണ്ടെന്ന ആരോപണവും ചില ബി.ജെ.പി നേതാക്കൾ ഉന്നയിച്ചിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ സി.ജെ.പിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തു. നിലവിൽ ഈ വിഷയം ഡൽഹി ഹൈകോടതിയുടെ പരിഗണനയിലാണ്.
അതേസമയം, പ്രതിപക്ഷ നിരയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവർ കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ബോളിവുഡ് താരങ്ങളും പ്രമുഖ കോമഡി താരങ്ങളും ഈ ഡിജിറ്റൽ കൂട്ടായ്മയെ പിന്തുണച്ച് രംഗത്തെത്തിയതോടെ വിഷയം വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

