മോഹൻ ഭാഗവത് ബിൽക്കീസ് ബാനുവിന്‍റെയും അഖ്‌ലാക്കിന്‍റെയും വീടുകൾ സന്ദർശിക്കണം- ദിഗ്‌വിജയ് സിങ്
text_fieldsമോഹൻ ഭാഗവത്
ഗ്വാളിയോർ: മുസ്ലീം സമുദായത്തിന്‍റെ വിശ്വാസം നേടിയെടുക്കണമെങ്കിൽ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് ബിൽക്കീസ് ബാനുവിന്‍റെയും മുഹമ്മദ് അഖ്‌ലാക്കിന്‍റെയും വീടുകൾ സന്ദർശിക്കണമെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു പള്ളിയും മദ്രസയും സന്ദർശിച്ച മോഹൻ ഭാഗവതിന്‍റെ നീക്കത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം സമുദായത്തിന്‍റെ വിശ്വാസം നേടിയെടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കിൽ 2015ൽ ആൾകൂട്ട കൊലപാതകത്തിന് ഇരയാക്കപ്പെട്ട മുഹമ്മദ് അഖ്‌ലാക്കിന്റെയും കൂട്ടബലാത്സംഗത്തിന് ഇരയായ ബിൽക്കീസ് ബാനുവിന്‍റെയും വീടുകൾ സന്ദർശിക്കണം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സ്വാധീനമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരായ നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് പി.എഫ്.ഐ മാത്രമല്ല മതവിദ്വേഷവും മതഭ്രാന്തും പ്രചരിപ്പിക്കുന്ന ഏതൊരു സംഘടനക്കെതിരെയും നടപടിയെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.