‘ഭാഗവതിന്റേത് രാജ്യദ്രോഹം, അഹങ്കാരം’; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടവും അസാധുവാണെന്ന് പൊതുജനത്തിന് മുന്നിൽ പരസ്യമായി പറയാനുള്ള അഹങ്കാരമാണ് മോഹൻ ഭാഗവത് കാണിച്ചതെന്നും ഇത് രാജ്യദ്രോഹമാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്ത് വിചാരണക്ക് വിധേയമാക്കിയേനെ. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ആർ.എസ്.എസ് പിടിച്ചടക്കിയതിനാൽ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ മാത്രമല്ല, ഇന്ത്യൻ ഭരണകൂടത്തിനെതിരെ കൂടിയാണ് കോൺഗ്രസിന്റെ പോരാട്ടമെന്നും രാഹുൽ പറഞ്ഞു.
ന്യൂഡൽഹിയിൽ കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങിലാണ് രാഹുൽ ഗാന്ധി ആർ.എസ്.എസ് തലവനെ കടന്നാക്രമിച്ചത്. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെയും ഭരണഘടനയെയും കുറിച്ച് താനെന്ത് ചിന്തിക്കുന്നുവെന്ന് പറയാനുള്ള അഹങ്കാരമാണ് മോഹൻ ഭാഗവത് കാണിക്കുന്നത്. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറയുന്നത് ഓരോ ഇന്ത്യൻ പൗരനോടുമുള്ള അവഹേളനമാണ്. ഈ അസംബന്ധം കേൾക്കുന്നത് നിർത്താൻ നേരമായി. ത്രിവർണപതാകയെ അഭിവാദ്യം ചെയ്യാത്ത, ഭരണഘടനയിൽ വിശ്വസിക്കാത്തവർക്ക് ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് തീർത്തും ഭിന്നമാണ്.
ദലിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ആദിവാസികളുടെയും ശബ്ദം അടിച്ചമർത്താനാണ് അവരാഗ്രഹിക്കുന്നത്. രാജ്യത്ത് രണ്ട് ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. ഒരുഭാഗത്ത് നാം പ്രതിനിധാനം ചെയ്യുന്ന ഭരണഘടന എന്ന ആശയവും മറുഭാഗത്ത് ആർ.എസ്.എസിന്റെ ആശയവും. ബി.ജെ.പിയെ തടയാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. കോൺഗ്രസ് ആദർശ പ്രസ്ഥാനമാണെന്നതാണ് അതിന് കാരണം. ശിവനും കൃഷ്ണനും ബുദ്ധനും ഗുരുനാനാക്കും കബീറും അടങ്ങുന്ന പ്രതീകങ്ങളാണ് ആ ആദർശത്തിനുള്ളത്. ഇവരെല്ലാം സമത്വത്തിനും സ്നേഹത്തിനും സാഹോദര്യത്തിനുമായി പൊരുതിയവരാണ്.
അത്തരത്തിൽ ആർ.എസ്.എസ് ആദർശം രാജ്യത്തിന് നൽകിയ ഒരു പ്രതീകമെങ്കിലും കാണിച്ചുതരാൻ രാഹുൽ വെല്ലുവിളിച്ചു. നാഗരികതകളുടെ സംഘട്ടനമാണ് ആർ.എസ്.എസുമായി കോൺഗ്രസ് നടത്തുന്നത്. അവരെ തടയാനുള്ള ധൈര്യവും ശേഷിയും കോൺഗ്രസ് നേതാക്കൾക്കും അതിന്റെ പ്രവർത്തകർക്കും മാത്രമേയുള്ളൂവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാഹുൽ രാജ്യദ്രോഹിയെന്ന് ബി.ജെ.പി
ന്യൂഡൽഹി: ആർ.എസ്.എസുമായും ബി.ജെ.പിയുമായും മാത്രമല്ല, ഇന്ത്യൻ ഭരണകൂടത്തോടും കൂടിയാണ് കോൺഗ്രസിന്റെ പോരാട്ടമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ വിമർശിച്ച് ബി.ജെ.പി. ആർ.എസ്.എസ് തലവന്റെ പ്രസംഗം രാജ്യദ്രോഹമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി രാജ്യദ്രോഹിയാണെന്ന് ബി.ജെ.പി പ്രത്യാരോപണം നടത്തുകയും ചെയ്തു. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, നിർമല സീതാരാമൻ തുടങ്ങിയ മുതിർന്ന നേതാക്കളും രാഹുലിനെതിരെ രംഗത്തുവന്നു.
വ്യവസ്ഥിതിക്കെതിരെയാണ് പോരാട്ടമെങ്കിൽ എന്തിനാണ് ഇന്ത്യയുടെ പ്രതിപക്ഷ നേതാവിന്റെ ഭരണഘടന പദവി കൈയാളുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ചോദിച്ചു. കോൺഗ്രസിന്റെ ഏറ്റവും മോശമായ മുഖം പുറത്തുവന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ കൂടിയായ ജെ.പി. നഡ്ഡ വിമർശിച്ചപ്പോൾ രാഹുൽ ഗാന്ധിക്ക് ഭ്രാന്താണെന്നും ഭ്രാന്തന്മാരെ തെരുവിൽ അലയാൻ അനുവദിക്കരുതെന്നുമാണ് ബി.ജെ.പി വക്താവ് അജയ് അലോക് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

