'ജെൻ സി'യുമായി കൂടിക്കാഴ്ച്ചക്കൊരുങ്ങി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്
text_fieldsമുംബൈ: വിദ്യാർഥികൾ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കും ഇതിന് പിന്നാലെയുണ്ടായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ഉൾപ്പെടെയുള്ള നാടകീയ സംഭവങ്ങൾക്കുമിടെ, പുതു തലമുറയുമായി കൂടിക്കാഴ്ച്ചക്കൊരുങ്ങി ആർ.എസ്.എസ്. ഇതിന്റെ ഭാഗമായി 'ജെൻ സി', 'ജെൻ ആൽഫ' വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നേരിട്ട് സംവദിക്കും.
ആഗസ്റ്റ് ആറിന് മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യുണൈറ്റഡ് നേഷൻസിന്റെ 15-ാമത് വാർഷികാഘോഷ പരിപാടിയിലാകും രാജ്യത്തെ നൂറിലധികം നഗരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുമായി മോഹൻ ഭാഗവത് കൂടിക്കാഴ്ച നടത്തുക.
15-നും 19-നും ഇടയിൽ പ്രായമുള്ള രണ്ടായിരത്തിലധികം ഹൈസ്കൂൾ വിദ്യാർഥികളാണ് ഐ.ഐ.എം.യു.എൻ ചാമ്പ്യൻഷിപ്പ് കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകുക. "ലോകത്തെ ഒന്നിപ്പിക്കുന്നതിൽ യുവതയുടെ പങ്ക്, ഇന്ത്യൻ മാതൃകയിൽ" എന്നതാണ് ഈ വർഷത്തെ പ്രധാന പ്രമേയം. സ്കൂളുകളെയും കോളജുകളെയും പ്രതിനിധീകരിക്കുന്ന വിദ്യാർഥികൾ പ്രാദേശിക, ദേശീയ, അന്തർദേശീയ വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ചകൾ നടത്തും.
പുതിയ തലമുറയ്ക്ക് വഴി കാട്ടുന്നതിനൊപ്പം അവരുടെ ശബ്ദം കേൾക്കുക കൂടിയാണ് ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് ഐ.ഐ.എം.യു.എൻ സ്ഥാപകൻ ഋഷഭ് ഷാ വ്യക്തമാക്കി. 2011-ൽ സ്ഥാപിതമായ ഈ പ്ലാറ്റ്‌ഫോമിന്റെ നേതൃനിരയിലുള്ളത് പ്രധാനമായും 15-നും 24-നും ഇടയിൽ പ്രായമുള്ളവരാണ്. ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ, അഭിഭാഷകർ, വ്യവസായികൾ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഈ സംഘടനയിലൂടെ വളർന്നുവന്നവരിൽ പലരും. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ശശി തരൂർ എം.പി, വ്യവസായികളായ അജയ് പിരാമൽ, നാദിർ ഗോദ്‌റെജ്, പി.ടി ഉഷ തുടങ്ങി നിരവധി പ്രമുഖർ സംഘടനയുടെ ഉപദേശക സമിതിയിലുണ്ട്.
വിദ്യാഭ്യാസ രംഗത്തെ അപാകതകൾ ചൂണ്ടിക്കാട്ടി ജന്തർമന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ കേന്ദ്രസർക്കാരിനും സംഘപരിവാറിനുമെതിരെ യുവജനങ്ങളിൽ നിന്ന് വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ആർ.എസ്.എസ് മേധാവി നേരിട്ട് വിദ്യാർഥികളുമായി സംവദിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

