ആരോഗ്യവും വിദ്യാഭ്യാസവും സാധാരണക്കാർക്ക് താങ്ങാനാകുന്നില്ല, എല്ലാം കച്ചവടവത്കരിച്ചു -മോഹൻ ഭഗവത്
text_fieldsഇന്ദോർ: ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും ഇപ്പോൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതായി മാറിയെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്. ഇന്ദോറിൽ കാൻസർ ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഏറെ പ്രാധാന്യമുള്ള കാര്യമാണ് നല്ല ആരോഗ്യവും വിദ്യാഭ്യാസവും. മുമ്പ് ഇവ സേവനമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ, ഇപ്പോൾ രണ്ടും സാധാരണക്കാർക്ക് അപ്രാപ്യമാണ്. എല്ലാം കച്ചവടവത്കരിക്കപ്പെട്ടതോടെ സാധാരണക്കാർക്ക് ഇവ താങ്ങാനാവുന്നില്ല’ -അദ്ദേഹം പറഞ്ഞു.
“ഇത് അറിവിന്റെ യുഗമാണെന്ന് അവർ പറയുന്നു. വിദ്യാഭ്യാസം ഏറെ പ്രധാനമാണ്. നിങ്ങൾക്ക് അറിവ് നേടണമെങ്കിൽ ശരീരം വേണം. ആരോഗ്യമുള്ള ശരീരത്തിന് എല്ലാം ചെയ്യാൻ കഴിയും. അനാരോഗ്യകരമായ ശരീരത്തിന് ഒന്നും ചെയ്യാൻ കഴിയില്ല, ആഗ്രഹിക്കാൻ മാത്രമേ കഴിയൂ. നിർഭാഗ്യവശാൽ, ഇവ രണ്ടും (ആരോഗ്യവും വിദ്യാഭ്യാസവും) ഇന്ന് സാധാരണക്കാരുടെ സാമ്പത്തിക ശേഷിക്ക് അപ്രാപ്യമാണ്’ -ഭഗവത് പറഞ്ഞു.
‘ആശുപത്രികളും സ്കൂളുകളും മുമ്പ് സേവനമായി കണക്കാക്കപ്പെട്ടിരുന്നു. സാധാരണക്കാരുടെ കൈയെത്തും ദൂരത്തായിരുന്നു ഇവ. ഇന്ന് ഇത് വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ വിദ്യാഭ്യാസം ട്രില്യൺ ഡോളർ ബിസിനസാണ് എന്നാണ് ഏതാനും വർഷം മുമ്പ് ഒരു മന്ത്രി പറഞ്ഞത്. ശമ്പളം കൊണ്ട് ജീവിക്കുന്ന സാധാരണക്കാരന് ഇത് അപ്രാപ്യമാണ്. മുമ്പ്, വിദ്യാഭ്യാസം നൽകുന്നത് അവരുടെ കടമയായി കണക്കാക്കപ്പെട്ടിരുന്നു. ഇപ്പോൾ, അതിന് എത്ര ചിലവാകും എന്ന് നിങ്ങൾ കണക്കാക്കണം” -അദ്ദേഹം പറഞ്ഞു.
‘കോർപറേറ്റുകളുടെ യുഗത്തിൽ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും കേന്ദ്രീകൃതമായി മാറിയിരിക്കുന്നു, അതിനാൽ വിദ്യാർഥികളും സാധാരണക്കാരും അവ കരസ്ഥമാക്കാൻ ഏറെ ദൂരം താണ്ടണം. മുൻകാലങ്ങളിൽ, വിദ്യാഭ്യാസം അധ്യാപകരുടെ കടമയായിരുന്നു, അവർ തങ്ങളുടെ വിദ്യാർഥികളെക്കുറിച്ച് എപ്പോഴും ചിന്തിച്ചിരുന്നു. ഡോക്ടർമാരും അങ്ങനെയായിരുന്നു. അവരോട് ആവശ്യപ്പെടാതെ തന്നെ ചികിത്സ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ, രണ്ടും ഒരു പ്രൊഫഷനായി മാറിയിരിക്കുന്നു’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

